മാമുക്കോയ , കെ യു മനോജ് , മഞ്ജു പത്രോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാധ്യമ പ്രവർത്തകൻ ഇ എം അഷ്‌റഫ് സംവിധാനം ചെയ്ത ഉരു എന്ന സിനിമയുടെ ഇംഗ്ളീഷ് പോസ്റ്റർ പുറത്തിറക്കി . ചിത്രത്തിൽ അറബ് വ്യവസായിയായി അഭിനയിക്കുന്ന സൗദി നടൻ ദമാമിലെ ഹസ്സൻ അൽ സൽമാന്റെ ചിത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റർ, സൗദി അറേബ്യയുടെ ദേശീയ ദിനത്തിൽ നിർമ്മാതാവ് മൻസൂർ പള്ളൂരിന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത് .അറബ് – ഇന്ത്യൻ സൗഹൃദത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയുടെ ഇംഗ്ളീഷ് പോസ്റ്റർ സൗദി അറേബ്യയുടെ ദേശീയ ദിനത്തിൽ പുറത്തിറക്കുന്നതിൽ സന്തോഷമുണ്ടെന്ന് മൻസൂർ പള്ളൂർ പറഞ്ഞു . അറബ് വ്യവസായി കേരളത്തിൽ നിന്നുള്ള ഒരു പ്രവാസി ഇന്ത്യക്കാരനെ ഉരു നിർമ്മാണവുമായി ബന്ധപ്പെട്ട ദൗത്യം ഏൽപ്പിക്കുന്നിടത്താണ് ‘ഉരു’ എന്ന സിനിമ ആരംഭിക്കുന്നത്. നന്മയുടെയും ഇന്ത്യക്കാരോടുള്ള സ്നേഹത്തിന്റെയും പ്രതീകമാണ് ഹസ്സൻ അൽ സൽമാൻ ഉരുവിൽ അവതരിപ്പിക്കുന്ന അറബ് വ്യവസായിയായ കഥാപാത്രം . ഉരു നിർമാണത്തിന് മേല്‍നോട്ടത്തിനായി അറബിയുടെ പ്രതിനിധിയായി എത്തുന്ന പ്രവാസിയായ റഷീദും മൂത്താശാരി ശ്രീധരനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ കൂടിയാണ് ഉരു എന്ന സിനിമ. ഗൾഫിലെ അറബ് വ്യാപാരികൾക്ക് വേണ്ടി ,മരം കൊണ്ടുള്ള ആഡംബര ഉരുക്കൾ നിർമിക്കുന്ന ബേപ്പൂരിലെ മരാശാരികളുടെ ജീവിതവും ഉരുവിലൂടെ ഉരുത്തിരിയുന്നുണ്ട് . മാമുക്കോയയാണ് അദ്ദേഹത്തിന്റെ ജീവിത ഗന്ധിയായ കഥാപാത്രമായ ശ്രീധരനായി അഭിനയിക്കുന്നത് . റഷീദായി കെ യു മനോജ് അഭിനയിക്കുന്ന ചിത്തത്തിന്റെ ശ്രദ്ധേയമായ ഗാന രചന നിർവഹിച്ചിരിക്കുന്നത് പ്രഭാ വർമ്മയാണ് . ശ്രീധരൻ പെരുമ്പടവം ഛായാഗ്രാഹകനായ ചിത്രം ഉടൻ തന്നെ പുറത്തിറങ്ങും .