വാക്‌സിനെടുത്തവര്‍ക്ക് ആഭ്യന്തരയാത്രകള്‍ക്ക് ഇളവ്; RTPCR വേണ്ട, പിപിഇ കിറ്റ് നിര്‍ബന്ധമില്ല

ന്യൂഡല്‍ഹി: ആഭ്യന്തരയാത്രകള്‍ക്കുളള കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ അയവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര യാത്രകള്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ വിവിധ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ ഏകീകരിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ച് പതിനഞ്ചുദിവസം കഴിഞ്ഞ രോഗലക്ഷങ്ങളില്ലാത്തവര്‍ക്ക് ആഭ്യന്തരയാത്ര നടത്തുന്നതിന് ആര്‍.ടി.പി.സി.ആര്‍, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് എന്നിവ നിര്‍ബന്ധമാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന പുതുക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്.

കേരളത്തില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരമൊരു നിബന്ധന സംസ്ഥാനങ്ങള്‍ മുന്നോട്ടുവെക്കരുത് എന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. അതേസമയം ഇപ്രകാരം എത്തുന്ന യാത്രക്കാരുടെ ക്വാറന്റീന്‍ ഉള്‍പ്പടെയുളള കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും പുതുക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ആഭ്യന്തര വിമാനയാത്രികര്‍ക്ക് പിപിഇ കിറ്റ് ആവശ്യമില്ലെന്നുളളതാണ് മാര്‍ഗ നിര്‍ദേശത്തിലെ മറ്റൊരു സുപ്രധാന ഇളവ്. നിലവില്‍ മൂന്നുസീറ്റുകളുടെ നിരയില്‍ നടുവില്‍ ഇരിക്കുന്ന യാത്രക്കാരന്‍ പിപിഇ കിറ്റ് ധരിക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നു.

ആഭ്യന്തര യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്നും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7