മലയാള സിനിമ മേഖലയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കുകയാണ് നടന്‍ പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍. വനിത നിര്‍മ്മാതാക്കള്‍ കുറവായ സിനിമ രംഗത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും സുപ്രിയ തുറന്ന് പറയുന്നു. ഒരു എഫ്എം ചാനല്‍ പരിപാടിയില്‍ സംസാരിക്കവെയാണ് സുപ്രിയ മനസ് തുറന്നത്.
സുപ്രിയയുടെ വാക്കുകള്‍ ഇങ്ങനെ, സിനിമയില്‍ സ്ത്രീ നിര്‍മാതാവ് എന്ന നിലയില്‍ തനിക്ക് വലിയ സംഘര്‍ഷങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം. എന്നാല്‍ പൃഥ്വിരാജിന്റെ ഭാര്യ എന്ന പദവിയുളളതുകൊണ്ടാണ് തന്റെ വഴി എളുപ്പമായത്. ഈ പ്ലാറ്റ്‌ഫോം താന്‍ നന്നായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഈ പദവികളോ സിനിമാ പാരമ്പര്യമോ ഇല്ലാത്ത സ്ത്രീകള്‍ക്ക് സിനിമയില്‍ അതിജീവിക്കാന്‍ ബുദ്ധിമുട്ടാണ്. ഇനിയും സ്ത്രീകള്‍ സിനിമയുടെ അണിയറയിലേക്ക് വരണം.. ഈ മഹാമാരിക്കിടയിലും ഒരു സിനിമ നിര്‍മിക്കാന്‍ കഴിഞ്ഞത് തന്റെ ആത്മവിശ്വാസം കൂട്ടി. വളരെ ഇഷ്ടപ്പെട്ട് ചെയ്യുന്നതിനാല്‍ സിനിമ ഒട്ടും മടുപ്പിക്കുന്ന പണിയല്ല.
‘കൊവിഡ് സമയത്ത് കുരുതി ഷൂട്ട് ചെയ്യുമ്പോള്‍ വല്ലാത്തൊരു സമ്മര്‍ദം അനുഭവിച്ചിരുന്നു. ആര്‍ക്കെങ്കിലും കൊവിഡ് വന്നാല്‍ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വരുമല്ലോ എന്നായിരുന്നു ടെന്‍ഷന്‍. എല്ലാവരേയും മാസ്‌ക് വെക്കാനും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനും നിരന്തരമായി ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു. അവസാനം എന്നെ കാണുമ്പോള്‍ മാസ്‌ക് ഉണ്ടെന്ന് എല്ലാവരും വിളിച്ചു പറയുന്ന സ്ഥിതിയായിരുന്നു,’.
ജേര്‍ണലിസമാണ് തന്റെ പാഷന്‍. ഇപ്പോള്‍ സിനിമയും ആ ഗണത്തിലേക്ക് മാറി. ജേര്‍ണലിസത്തില്‍ നിന്നും പഠിച്ച ചിട്ടയും ശീലവുമെല്ലാം നിര്‍മാതാവായപ്പോള്‍ തനിക്ക് ഗുണകരമായി. ഒരു കോര്‍പ്പറേറ്റ് സ്വഭാവം തങ്ങളുടെ പ്രൊഡക്ഷനില്‍ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്.