രാജ്യത്ത് 25,072 പുതിയ രോഗികള്‍;വരും ആഴ്ചകളില്‍ കേരളത്തില്‍ അരലക്ഷത്തിലേക്ക് എത്തുമെന്ന് ആശങ്ക

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,072 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 160 ദിവസത്തിനുള്ളില്‍ ആദ്യമായാണ് ഇത്രയും എണ്ണം കുറയുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് ടെസ്റ്റുകള്‍ ഗണ്യമായി കുറഞ്ഞതാണ് പോസിറ്റിവ് കേസുകള്‍ കുറയാനുള്ള പ്രധാന കാരണം. ഇന്നലെ വാക്‌സിനേഷനും വളരെ കുറവാണ് നടന്നത്.

രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 3,24,49,306 ആയി. രോഗമുക്തി നിരക്ക് 97.63% ആയി. ഈ വര്‍ഷം 2020ന് ശേഷമാണ് ഈ നിരക്കില്‍ എത്തുന്നത്.

ഇന്നലെ 44,157 പേര്‍ രോഗമുക്തരായി. 3,16,80,626 പേര്‍ ഇതുവരെ രോഗമുക്തി നേടി. സജീവ രോഗികളുടെ എണ്ണം 3,33,934 ആയി. 155 ദിവസത്തിനുള്ളിലെ കുറവാണിത്. ആകെരോഗികളില്‍ 1.03% ആണ് സജീവ രോഗികള്‍. 389 പേര്‍ കൂടി മരണമടഞ്ഞതോടെ മരണസംഖ്യ 4,34,756 ആയി ഉയര്‍ന്നു.

പ്രതിദിന രോഗികളുടെ നിരക്ക് 1.94% ആയി. 28 ദിവസമായി 3 ശതമാനത്തില്‍ താഴെയാണ്. പ്രതിവാര രോഗികളുടെ നിരക്ക് 1.91% ആയി.

ഇതുവരെ 50,75,51,399 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ 12,95,160 ടെസ്റ്റുകള്‍ മാത്രമാണ് നടത്തിയതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. 58,25,49,595 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ഇന്നലെ മാത്രം 7,95,543 ഡോസ് മാത്രമാണ് നല്‍കിയത്.

അതേസമയം, കേരളത്തിന് വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണ്. നിലവില്‍ 17 ശതമാനത്തിന് അടുത്താണ് ടിപിആര്‍. ദേശീയതലത്തില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തതില്‍ പകുതിയിലേറെ രോഗികള്‍ കേരളത്തിലാണ്. സെപ്തംബറോടെ രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നും ടെസ്റ്റുകള്‍ ശരിയായ രീതിയില്‍ നടന്നാല്‍ 40,000നു മേല്‍ പ്രതിദിന രോഗികളുണ്ടാകുമെന്നും സൂചനയുണ്ട്. ഓണാഘോഷത്തിന് നല്‍കിയ ഇളവുകള്‍ രോഗവ്യാപാനം രൂക്ഷമാക്കുമെന്നാണ് സൂചന. ഇതോടെ വരുംനാളുകളില്‍ കൂടുതല്‍ നിയന്ത്രണം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, കര്‍ണാടക, തമിഴ്നാട് അടക്കമുള്ള അയല്‍ സംസ്ഥാനങ്ങള്‍ സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പലയിടത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7