പ്രാണവായുവിനായി കേണ റാഹുല്‍ വോറ വിടപറഞ്ഞു; അവസാന സന്ദേശം മോദിക്കും മനീഷ് സിസോദിയ്ക്കും

ന്യൂഡല്‍ഹി : ‘ഞാന്‍ പുനര്‍ജനിക്കും. എന്നിട്ടു കുറെ നല്ല കാര്യങ്ങള്‍ ചെയ്യും. എന്റെ എല്ലാ ധൈര്യവും ചോര്‍ന്നുപോയിരിക്കുന്നു’ – കോവിഡിന്റെ പിടിയില്‍ ശ്വാസംമുട്ടി നിസ്സഹായനായ അവസ്ഥയില്‍ ഫെയ്‌സ്ബുക്കില്‍ അവസാനമായി ശനിയാഴ്ച ഇങ്ങനെ പോസ്റ്റിട്ടതിനു പിന്നാലെ നടനും യുട്യൂബറുമായ രാഹുല്‍ വോറ (35) ഇന്നലെ അന്തരിച്ചു.

ഫെയ്‌സ്ബുക്കില്‍ 19 ലക്ഷം ഫോളോവേഴ്‌സ് ഉള്ള വെബ്‌സീരീസ് നടനായ രാഹുല്‍ ഡല്‍ഹിയില്‍ താഹിര്‍പുരിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ആശുപത്രിയില്‍ കഴിയുമ്പോള്‍ ഓക്‌സിജനു വേണ്ടി യാചിച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആദ്യ സന്ദേശം ഫെയ്‌സ്ബുക്കിലിട്ടത്. ‘ഞാന്‍ കോവിഡ് പോസിറ്റീവാണ്.

4 ദിവസമായി ആശുപത്രിയില്‍ കഴിയുന്നു. പക്ഷേ, രോഗത്തിനു തെല്ലും കുറവില്ല. എന്റെ ഓക്‌സിജന്‍ നില തുടര്‍ച്ചയായി കുറഞ്ഞുവരികയാണ്. ഇവിടെ അടുത്ത് ഓക്‌സിജന്‍ കിടക്കകളുള്ള നല്ല ആശുപത്രികള്‍ ഏതെങ്കിലുമുണ്ടോ? എന്നെ സഹായിക്കാന്‍ ആരുമില്ല. കുടുംബം ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. തീര്‍ത്തും നിസ്സഹായനായതിനാലാണ് ഈ പോസ്റ്റിടുന്നത്’ – ഉത്തരാഖണ്ഡ് സ്വദേശിയായ രാഹുല്‍ തലസ്ഥാന നഗരിയിലെ സുഹൃത്തുക്കളോട് അഭ്യര്‍ഥിച്ചു. മെച്ചപ്പെട്ട ചികിത്സ ആവശ്യപ്പെട്ട്

ശനിയാഴ്ച പോസ്റ്റ് ചെയ്ത മറ്റൊരു സന്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ടാഗ് ചെയ്തിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഇടപെട്ട് അന്നു വൈകുന്നേരം ദ്വാരകയിലെ ആയുഷ്മാന്‍ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല.

നാടകകൃത്തും സംവിധായകനുമായ രാഹുല്‍ വോറ നെറ്റ്ഫ്‌ലിക്‌സിലെ ‘അണ്‍ഫ്രീഡം’ എന്ന സീരീസിലൂടെയാണ് പ്രസിദ്ധനായത്. തക്കസമയത്ത് മെച്ചപ്പെട്ട ചികിത്സ ലഭിച്ചിരുന്നെങ്കില്‍ രാഹുല്‍ വോറ രക്ഷപ്പെടുമായിരുന്നു എന്നും നാമെല്ലാം ഈ മരണത്തില്‍ കുറ്റക്കാരാണെന്നും മരണവാര്‍ത്ത പുറത്തുവിട്ട സുഹൃത്തായ നടന്‍ അരവിന്ദ് ഗൗര്‍ ചൂണ്ടിക്കാട്ടി.

Similar Articles

Comments

Advertismentspot_img

Most Popular