ഗാല്‍വനിലെ സൈനികരുടെ മരണം സ്ഥിരീകരിച്ച് ചൈന

ബെയ്ജിംഗ്: ലഡാക് അതിര്‍ത്തിയിലെ ഗാല്‍വനില്‍ ഇന്ത്യന്‍ സൈനികരുമായുണ്ടായ സംഘര്‍ഷത്തില്‍ തങ്ങളുടെ പട്ടാളക്കാര്‍ കൊല്ലപ്പെട്ടെന്ന് ചൈനയുടെ സ്ഥിരീകരണം. ഏറ്റുമുട്ടലിന് എട്ടു മാസങ്ങള്‍ക്കുശേഷമാണ് ചൈന സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടെന്ന് സമ്മതിക്കുന്നത്. ഇതു സംബന്ധിച്ച ഇന്ത്യയുടെ അവകാശവാദങ്ങളെ ചൈന നേരത്തെ തള്ളിക്കളഞ്ഞിരുന്നു.

ഗാല്‍വനില്‍ തങ്ങളുടെ അഞ്ച്‌ സൈനികര്‍ മരിച്ചെന്നാണ് ചൈന അറിയിച്ചത്. കൊല്ലപ്പെട്ട സൈനികരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടു. നാലു പേര്‍ക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം മേയ് മധ്യത്തിലാണ് ഗാല്‍വനില്‍ ഇന്ത്യയുടെയും ചൈനയുടെ സൈനികര്‍ മല്ലയുദ്ധമെന്നു വിശേഷിപ്പിക്കാവുന്ന സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത്. സംഭവത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. കടുത്ത ഏറ്റുമുട്ടലിനൊടുവില്‍ ചൈനീസ് പട്ടാളത്തെ കടന്നുകയറ്റ ശ്രമത്തില്‍ നിന്ന് പിന്‍വലിയാന്‍ ഇന്ത്യന്‍ സൈനികര്‍ പ്രേരിപ്പിച്ചു.

ഏറ്റുമുട്ടലില്‍ നിരവധി ചൈനീസ് സൈനികരെ വധിച്ചതായി ഇന്ത്യ അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ ചൈന അതിനോട് പ്രതികരിക്കാന്‍ വിമുഖത കാട്ടി. നാല്‍പ്പതോളം ചൈനീസ് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന് അമേരിക്കയുടെയും റഷ്യയുടെയും രഹസ്യാന്വേഷണ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular