കോട്ടയം: ശബരിമല വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സിപിഎമ്മും ബിജെപിയും നിശബ്ദത പാലിക്കാന്‍ എടുത്ത തീരുമാനം വിശ്വാസികളോടു കാട്ടുന്ന കൊടുംവഞ്ചനയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നിലുള്ള വഴികള്‍ കൊട്ടിയടച്ച് യുവതീപ്രവേശം ഭാവിയില്‍ സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിര്‍ത്താന്‍ സഹായകരമായ നിയമ നിര്‍മാണം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാ വിഭാഗവുമായും ചര്‍ച്ച നടത്തും. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍, ലിസ്റ്റ് 3, എന്‍ട്രി 28 പ്രകാരം മതസ്ഥാപനങ്ങളെ സംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമനിര്‍മാണം നടത്താന്‍ അധികാരമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വിധിക്കെതിരേ നല്‍കിയ റിവ്യൂ ഹര്‍ജി ഉടന്‍ വാദത്തിനെടുക്കാനാവശ്യപ്പെട്ട് ഹര്‍ജി നല്‍കണമെന്ന് ജനുവരി 25ന് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അതിനൊരു മറുപടി പോലും കിട്ടിയില്ല. റിവ്യൂ ഹര്‍ജിയുള്ളതുകൊണ്ട് നിയമനിര്‍മാണം സാധ്യമല്ലെന്ന ഇടത് സര്‍ക്കാരിന്റെ നിലപാട് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ്.
ശബരിമലയില്‍ ഭൂരിപക്ഷവിധിക്കെതിരേ നല്‍കിയ അമ്പതോളം റിവ്യൂ ഹര്‍ജികളില്‍ സുപ്രീംകോടതി വിധി സ്റ്റേ ചെയ്തിട്ടില്ല. യുവതീപ്രവേശം ഒരു വാള്‍പോലെ ഇപ്പോഴും വിശ്വാസികളുടെ തലയ്ക്കുമീതെ നില്‍ക്കുന്നു. സിപിഎമ്മും ബിജെപിയും ഇതിനൊരു പരിഹാരം നിര്‍ദേശിക്കുന്നില്ല. ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തുമെന്നു പോലും പറയാന്‍ ഇടതുപക്ഷത്തിനു നാവുപൊന്തുന്നില്ല. യുഡിഎഫിനു മാത്രമാണ് ഇക്കാര്യത്തില്‍ അന്നും ഇന്നും വ്യക്തയുള്ളതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.