വാഷിംഗ്ടണ്‍: യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ ആക്ടിംഗ് ചീഫ് ഓഫ് സ്റ്റാഫായി ഇന്ത്യന്‍ വംശജയായ ഭവ്യ ലാലിനെ നിയമിച്ചു. മസാച്യുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആണവ ശാസ്ത്രത്തില്‍ ബിരുദം സ്വന്തമാക്കിയ ഭവ്യയുടെ സ്ഥാനലബ്ധി യുഎസിലെ സുപ്രധാന വകുപ്പുകളില്‍ ഇന്ത്യന്‍ വംശജര്‍ ഇടംപിടിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി.
നാസയുടെ എന്‍ജിനീയറിംഗിലും ബഹിരാകാശ സാങ്കേതിക രംഗത്തും ദീര്‍ഘകാല പരിചയമുള്ള വ്യക്തിയാണ് ഭവ്യ ലാല്‍. നാസയുടെ ഗവേഷണ വിഭാഗത്തില്‍ 2005 മുതല്‍ നിര്‍ണ്ണായക ദൗത്യസംഘത്തിലെല്ലാം ഭവ്യ ഉള്‍പ്പെട്ടിരുന്നു. വൈറ്റ് ഹൗസിന്റെ നിയന്ത്രണമുള്ള ബഹിരാകാശ ഗവേഷണം, തന്ത്രപ്രധാന മേഖല, നയരൂപീകരണം എന്നിവയിലെല്ലാം ഇനിമുതല്‍ ഭവ്യ ലാലിന്റെ സ്വാധീനമുണ്ടാകും.
ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റശേഷം നിര്‍ണായക സ്ഥാനങ്ങളില്‍ ഇന്ത്യന്‍ വംശജരെ നിയോഗിച്ചിരുന്നു. ഇന്ത്യന്‍ വംശജയായ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സാന്നിധ്യവും ഈ നിയമനങ്ങളെ സ്വാധീനിച്ച ഘടകങ്ങളില്‍പ്പെടുന്നു.