കോവിഡ് വ്യാപനം തടയാൻ പുതിയ ക്യാംപെയിൻ: മന്ത്രി

തിരുവനന്തപുരം: ഇനിയും ധീരമായി നില്‍ക്കുമെന്ന് ആത്മവിശ്വാസത്തോടെ പറയുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. തിരിഞ്ഞു നോക്കുമ്പോള്‍ ഏറെ അഭിമാനമുണ്ട്. കോവിഡിനെതിരെ കേരളം ശക്തമായ പ്രതിരോധമാണ് തീര്‍ത്തത്. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സമയത്ത് കോവിഡ് പ്രതിരോധത്തില്‍ നമ്മള്‍ ആദ്യം പഠിച്ച പാഠങ്ങള്‍ മറക്കാതിരിക്കാം. അതിനായാണ് ‘ബാക് ടു ബേസിക്സ് ക്യാംപെയിൻ’ സംഘടിപ്പിക്കുന്നത്.

ആരും സോപ്പും മാസ്‌കും സാമൂഹിക അകലവും മറക്കരുത്. നമ്മള്‍ തുടര്‍ന്നുവന്ന കാര്യങ്ങള്‍ ശക്തമായി പിന്തുടരണമെന്നും മന്ത്രി വ്യക്തമാക്കി. ആദ്യ കോവിഡ് കേസിന്റെ വാര്‍ഷിക ദിനത്തില്‍ എസ്എച്ച്എസ്ആര്‍സിയില്‍ സംഘടിപ്പിച്ച ബാക് ടു ബേസിക്‌സ് ക്യാംപെയിൻ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡിനെതിരായുള്ള പോരാട്ടം സംസ്ഥാനം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികം കാലമായി. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെപ്പറ്റി ഒരുപാട് അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും സംശയങ്ങളുമെല്ലാമുണ്ടായി. വിമര്‍ശനങ്ങള്‍ പോസിറ്റീവായി സ്വീകരിക്കുന്നു. അനാവശ്യമായ വിമര്‍ശനങ്ങള്‍ക്ക് അതിന്റെ വസ്തുതകള്‍ തുറന്നുകാട്ടുക എന്ന സമീപനമാണ് സ്വീകരിച്ചത്. ലോകത്തെല്ലായിടത്തും കോവിഡിനെപ്പറ്റി നിരന്തരം പഠനം നടക്കുകയാണ്. കേരളത്തിന്റെ രോഗപ്രതിരോധത്തില്‍ പല രാജ്യങ്ങള്‍ക്കും മറ്റ് സംസ്ഥാനങ്ങള്‍ക്കും താൽപര്യം തോന്നിയതുകൊണ്ടാണ് ചില കാര്യങ്ങള്‍ അവര്‍ സ്വീകരിച്ചത്.
കോവിഡ് പ്രതിരോധത്തിന് പലരും പല മാര്‍ഗങ്ങളാണ് ചെയ്തത്. കേരളം ആരെങ്കിലും ചെയ്യുന്നത് പകര്‍ത്തുകയല്ല ചെയ്തത്. സംസ്ഥാനത്ത് കോവിഡ് എത്തുന്നതിന് മുൻപ് വലിയ മുന്നൊരുക്കം ചെയ്തതിനാലാണ് നന്നായി പ്രതിരോധിക്കാന്‍ കഴിഞ്ഞത്. കോടികള്‍ ചെലവഴിച്ചാണ് ആശുപത്രികളില്‍ ഉപകരണങ്ങളും സംവിധാനങ്ങളും ഒരുക്കിയത്. പണം ഒരു തടമല്ലെന്നാണ് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും പറഞ്ഞത്. ഒരു നിമിഷം പോലും വിശ്രമിക്കാതെയാണ് കേരളം വലിയ പ്രവര്‍ത്തനം നടത്തിയത്.

ട്രെയിസ്, ക്വാറന്റീന്‍, രോഗലക്ഷണം ഉള്ളവരെ പരിശോധന, ചികിത്സ എന്ന കേരളം ആവിഷ്‌ക്കരിച്ച രീതി ലോകം അംഗീകരിച്ചതാണ്. ഇന്ത്യയില്‍ ബ്രേക്ക് ദ് ചെയിന്‍ കൊണ്ടുവന്നത് കേരളമാണ്. അത് വലിയ ക്യാംപെയിനായി മാറി. അന്നും ഇന്നും ബ്രേക്ക് ദ ചെയിന്‍ ഒരു പോലെ പ്രസക്തമാണ്.

കേരളം പോലെ ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് പിടിച്ചുനില്‍ക്കാനായത് വലിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്. റിവേഴ്‌സ് ക്വാറന്റീന്‍ ഫലപ്രദമായി നടത്തി. ആയിരക്കണക്കിന് വിവിധ വിഭാഗം ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും ഫീല്‍ഡിലിറങ്ങി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. അന്ന് കേരളം നടത്തിയ പ്രവര്‍ത്തനങ്ങളെയാണ് ലോകം അഭിനന്ദിച്ചത്.

മരണനിരക്ക് എപ്പോഴും കുറയ്ക്കാനാണ് സംസ്ഥാനം ശ്രമിച്ചത്. സര്‍ക്കാരിന്റെ ശ്രദ്ധേയമായ ഇടപെടലിന്റെ ഫലമായിട്ടാണ് നമുക്ക് മരണനിരക്ക് വളരെ കുറക്കാന്‍ സാധിച്ചത്. ലോകാരോഗ്യ സംഘടന മരണനിരക്ക് ഒരു ശതമാനത്തിന് താഴെയാക്കാന്‍ കഴിഞ്ഞാല്‍ നേട്ടമാകുമെന്ന് സൂചിപ്പിച്ചപ്പോള്‍ നമുക്ക് മരണനിരക്ക് 0.4 ആയി കുറയ്ക്കാന്‍ സാധിച്ചു. ഇതാണ് ലോക രാഷ്ട്രങ്ങളുടേയും രാജ്യാന്തര സംഘടനകളുടെയും അഭിനന്ദനത്തിന് കാരണമായത്. കൂടുതല്‍ അപകടത്തിലേക്ക് പോകാതെ ലക്ഷണം കാണുമ്പോള്‍ തന്നെ അവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കി. കേസ് വര്‍ധിച്ചപ്പോഴും മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചു.

സംസ്ഥാനം കോവിഡ് പരിശോധന കുറച്ചിട്ടില്ല. രോഗലക്ഷണം കാണുന്നവരേയാണ് പരിശോധിച്ചത്. ക്ലസ്റ്ററില്‍ എല്ലാവരേയും പരിശോധിക്കുന്നതാണ്. വൈറസിന്റെ വ്യാപനം നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ വളര്‍ച്ചയുടെ വേഗതയെക്കാള്‍ താഴെ നിര്‍ത്താന്‍ നമുക്ക് സാധിച്ചു. നമുക്ക് ഇപ്പോഴാണ് വ്യാപനം വരുന്നത്. മരിച്ചു പോകുമായിരുന്ന പലരെയും ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു. കേരളത്തിലെ മാധ്യമങ്ങള്‍ നല്ല സഹകരണമാണ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular