രാജ്യത്ത് രണ്ട് കോവിഡ് വാക്‌സിനുകള്‍ക്ക് അടിയന്തരഅനുമതി

ന്യൂഡല്‍ഹി: കോവിഡിനെ ചെറുക്കാന്‍ രാജ്യം സജ്ജമായിക്കഴിഞ്ഞു. രാജ്യത്ത് രണ്ട് കോവിഡ് വാക്‌സിനുകള്‍ക്ക് അനുമതിനല്‍കാന്‍ ഡി.ജി.സി.ഐ. തീരുമാനിച്ചു. കോവിഷീല്‍ഡിനും കോവാക്‌സിനുമാണ് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചത്. വാക്‌സിന്‍ വിതരണം ആദ്യഘട്ടങ്ങളില്‍ പരിമിതമായിരിക്കും

വിദഗ്ധസമിതി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡി.ജി.സി.ഐ. യോഗം വാക്‌സിന്‍ സംബന്ധിച്ച അന്തിമതീരുമാനമെടുത്തത്. ഇന്നലെ നല്‍കിയ റിപ്പോര്‍ട്ട് ഇന്ന് പുലര്‍ച്ചെ വരെ നീണ്ട യോഗം വിശദമായി ചര്‍ച്ച ചെയ്തു. ഓക്‌സ്ഫഡ് സര്‍വകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച്, പുനെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഉത്പാദിപ്പിച്ച കൊവിഷീല്‍ഡിനും ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിനുമാണ് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത്. രാവിലെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബുധനാഴ്ചയോടെ ആദ്യഘട്ട വാക്‌സിന്‍ വിതരണം തുടങ്ങാനാകുമെന്നാണ് റിപ്പോര്‍ട്ട്. കൊവിഷീല്‍ഡ് ഡോസിന് 250 രൂപ കമ്പനി നിര്‍ദ്ദേശിച്ചു. കൊവാക്‌സിന് 350 രൂപയാണ് ഭാരത് ബയോടെക്ക് നിര്‍ദേശിച്ചിരിക്കുന്നത്. കൊവിഷീല്‍ഡ് വാക്‌സിന് 70.42 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയതായി ഡി.ജി.സി.ഐ. വ്യക്തമാക്കി. ഈ വാക്‌സിനുകള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണം. കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നവംബര്‍ പകുതിയോടെയാണ് ആരംഭിക്കുന്നത്. 28 ദിവസത്തെ ഇടവേളയിലായി രണ്ടു ഡോസാണ് കോവാക്‌സിന്‍ നല്‍കേണ്ടത്.

യു.കെ.യില്‍ നിന്നുള്ള കോവിഡ് വൈറസിന്റെ വകഭേദം രാജ്യത്ത് കണ്ടെത്തിയതോടെയാണ് വാക്‌സിനുകള്‍ക്ക് അടിയന്തിരഅനുമതി നല്‍കിയത്. അടിയന്തരഘട്ടങ്ങളില്‍ പൂര്‍ണ പരീക്ഷണങ്ങള്‍ നടത്തിയില്ലെങ്കിലും ചില വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗ അനുമതി നല്‍കാന്‍ കഴിയുന്ന പുതിയ ഡ്രഗ്‌സ് & ക്ലിനിക്കല്‍ ട്രയല്‍സ് നിയമം (2019) ഉപയോഗിച്ചാണ് ഈ രണ്ട് വാക്‌സിനുകള്‍ക്കും നിലവില്‍ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ 30 കോടി ജനങ്ങള്‍ക്കാണ് വാക്‌സിന്‍ നല്‍കുക എന്ന് കേന്ദ്രം നേരെത്ത വ്യക്തമാക്കിയിരുന്നു. ഇതില്‍ ഒരു കോടി ആരോഗ്യപ്രവര്‍ത്തകരും, രണ്ട് കോടി ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളായ പൊലീസുദ്യോഗസ്ഥര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, സന്നദ്ധസേവകര്‍, മുന്‍സിപ്പല്‍ പ്രവര്‍ത്തകര്‍ എന്നിവരും ഉള്‍പ്പെടും. 50 വയസ്സിന് മുകളിലുള്ളവരും, ആരോഗ്യസംബന്ധമായ അവശതകളുള്ളവരുമാണ് ബാക്കി 27 കോടിപ്പേര്‍.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7