ഒടുവിൽ നേരിട്ടിറങ്ങി മുഖ്യമന്ത്രി; പ്രചരണം സജീവമാക്കാൻ ഫോട്ടോ ചലഞ്ച്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വേദികളിലും സ്ഥാനാർഥികളുടെ ബോർഡുകളിലും മുഖ്യമന്ത്രിയുടെ അസാന്നിധ്യം പ്രതിപക്ഷം ആയുധമാക്കിയതോടെ ആരോപണങ്ങൾ മറികടക്കാൻ എൽ.ഡി.എഫ്. രംഗത്ത്. പിണറായി വിജയന്റെ ഫോട്ടോ പതിച്ച ബോർഡുകൾ പരമാവധി സ്ഥാപിച്ചായിരുന്നു ഇത്. ഇതിനൊപ്പം മുഖ്യമന്ത്രി കണ്ണൂരിൽ പ്രചാരണത്തിനിറങ്ങി.

മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചർച്ചയാക്കാൻ കഴിഞ്ഞദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രധാനമായും രംഗത്തിറങ്ങിയത്. മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ പതുങ്ങിയിരിക്കുകയാണെന്നായിരുന്നു ആരോപണം. ഇതോടെ പലയിടത്തും മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച ബോർഡുകൾ സ്ഥാപിച്ചു. സി.പി.എം. ഗ്രൂപ്പുകളിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ ചേർത്ത് തയ്യാറാക്കിയ പോസ്റ്ററുകളുടെ ഫോട്ടോ ചലഞ്ച് സംഘടിപ്പിച്ചു. എൽ.ഡി.എഫിന്റെ വെബ് റാലി ഉദ്ഘാടനം ചെയ്തതായിരുന്നു മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന പങ്കാളിത്തം.

അസാന്നിധ്യം പ്രതിപക്ഷം ചർച്ചയാക്കുന്നതിനിടെ കണ്ണൂരിൽ മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങി. എന്നാൽ, അദ്ദേഹത്തിന്റെ പരിപാടി സ്വന്തം മണ്ഡലത്തിൽ മാത്രമൊതുങ്ങും. അഞ്ചുദിവസം കണ്ണൂരിലുണ്ടായിട്ടും ധർമടം മണ്ഡലത്തിനു പുറത്ത് കണ്ണൂർ കോർപ്പറേഷനിലെ ഒരു യോഗത്തിൽ മാത്രമാണ് അദ്ദേഹം പങ്കെടുക്കുന്നത്.

ധർമടം മണ്ഡലത്തിലുൾപ്പെട്ട എട്ട് പഞ്ചായത്ത് കമ്മിറ്റികൾ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരും. രണ്ടു പഞ്ചായത്ത് കമ്മിറ്റി യോഗങ്ങൾ ഒരു ദിവസം എന്ന രീതിയിലാണ് ക്രമീകരിച്ചത്. സർക്കാരിന്റെ ചില പദ്ധതിപ്രവർത്തനങ്ങളും അദ്ദേഹം വിലയിരുത്തും.

കാവിഡ് മാനദണ്ഡം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മുഖ്യമന്ത്രി ഇത്തവണ ഇറങ്ങാത്തതെന്നാണ് നേതാക്കളുടെ വിശദീകരണം. പതിന്നാലിനു വോട്ടുചെയ്ത ശേഷമേ മുഖ്യമന്ത്രി ഇനി തിരുവനന്തപുരത്തേക്കു മടങ്ങൂ.

Similar Articles

Comments

Advertismentspot_img

Most Popular