സർക്കാരിനും പാർട്ടിക്കും ബിനീഷ് കൊടിയേരിയുമായി അടുത്ത ബന്ധം : ഡിജിറ്റൽ തെളിവുകൾ നിരത്തി ബിന്ദുകൃഷ്ണ

മയക്കുമരുന്ന് കേസ് പ്രതി ബിനീഷ് കൊടിയേരിയുമായി സിപിഎം നേതാക്കന്മാർക്ക് ബന്ധമില്ലെന്നും ബിനീഷിന് പാർട്ടിയുമായി ബന്ധമില്ലെന്നുമുള്ള പ്രസ്താവനകൾ കളവാണെന്ന് കൊല്ലം ഡിസിസി പ്രസിഡൻ്റ് അഡ്വ. ബിന്ദുകൃഷ്ണ. ഡിജിറ്റൽ രേഖകളുടെ അടിസ്ഥാനത്തിലാണ് ബിന്ദുകൃഷ്ണ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പോസ്റ്റിൻ്റെ പൂർണ്ണ രൂപം വായിക്കാം.

സർക്കാരിനും സിപിഎമ്മിനും ഡിവൈഎഫ്ഐക്കും ബിനീഷ് കൊടിയേരിയുമായി അടുത്ത ബന്ധം.

മയക്കുമരുന്ന് കേസ് പ്രതി ബിനീഷ് കൊടിയേരിയുമായി സിപിഎം നേതാക്കന്മാർക്ക് ബന്ധമില്ലെന്നും ബിനീഷിന് പാർട്ടിയുമായി ബന്ധമില്ലെന്നുമുള്ള പ്രസ്താവനകൾ കളവാണ്. ഞാൻ പോസ്റ്റ് ചെയ്തിരിക്കുന്നത് ബിനീഷ് കൊടിയേരിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റുകളാണ്. ഇത് ഫെയ്സ് ബുക്ക് ക്രോസ് പോസ്റ്റിംഗ് വഴി രേഖപ്പെടുത്തിയിട്ടുള്ളതാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ്റെയും, സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ്റെയും, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിൻ്റെയുമൊക്കെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജുകൾ മയക്കുമരുന്ന് കേസിലെ പ്രതി ബിനീഷ് കോടിയേരിയുടെ ഫെയ്സ് ബുക്ക് പേജുമായി ലിങ്ക് ചെയ്തിട്ടുണ്ട്. അത്തരത്തിൽ ലിങ്ക് ചെയ്തിട്ടുള്ളതിനാലാണ് മുഖ്യമന്ത്രിയും, പാർട്ടി സെക്രട്ടറിയുമൊക്കെ ലൈവിൽ വരുന്ന അതേ സമയം ബിനീഷ് കൊടിയേരിയുടെ ഫെയ്സ് ബുക്കിലും ക്രോസ് പോസ്റ്റിംഗ് വഴി ലൈവ് പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നത്.

പാർട്ടിയുടെ ഔദ്യോഗിക വിവരങ്ങൾ കൂടുതൽ പേരിൽ എത്തിക്കാൻ വേണ്ടി സാധാരണ ഗതിയിൽ പാർട്ടി ഭാരവാഹികൾക്കാണ് ക്രോസ് പോസ്റ്റിംഗ് വഴി പ്രസിദ്ധീകരിക്കാൻ അനുവാദം നൽകാറുളളത്.

എന്നാൽ ഇവിടെ പാർട്ടിയുടെ മാത്രമല്ല, മുഖ്യമന്ത്രിയുടെയും, സർക്കാരിൻ്റെയും ഔദ്യോഗിക വിവരങ്ങൾ മയക്കുമരുന്ന് കേസിലെ പ്രതിയാണ് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നത്. ബിനീഷ് കൊടിയേരിക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന വ്യാജ വാദം ഉന്നയിക്കുമ്പോഴും യാഥാർത്ഥ്യം മറ്റൊന്നാണ്. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ബിനീഷ് കൊടിയേരിക്കും സ്വാധീനം ഉണ്ടായിരുന്നു എന്നതിൻ്റെ ഡിജിറ്റൽ തെളിവാണ് ഇത്. ഇതും അന്വേഷണത്തിൻ്റെ പരിധിയിൽ ഉൾപ്പെടുത്താൻ അന്വേഷണ ഏജൻസികൾ തയ്യാറാകണം.

Similar Articles

Comments

Advertismentspot_img

Most Popular