ചെന്നൈ: തമിഴ്‌നാട്ടില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എടപ്പാടി പളനിസ്വാമി തന്നെ എഐഎഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. സമവായത്തിന്റെ അടിസ്ഥാനത്തില്‍ ഒ.പനീര്‍സെല്‍വമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. 11 അംഗ മാര്‍ഗ നിര്‍ദേശക സമിതിയെയും പനീര്‍സെല്‍വം പ്രഖ്യാപിച്ചു. മുതിര്‍ന്ന മന്ത്രിമാരും നേതാക്കളും മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണു ധാരണയായത്.
വി.കെ.ശശികല ജയില്‍ മോചിതയായി തിരിച്ചുവരുമ്പോള്‍ അവരോട് സ്വീകരിക്കേണ്ട സമീപനവും ചര്‍ച്ചയായി. ശശികലയെ അണ്ണാഡിഎംകെയിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ബിജെപി അണിയറയില്‍ ശ്രമം നടത്തുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം എടപ്പാടി കെ. പളനിസാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുകയെന്ന തീരുമാനത്തിനു ഒപിഎസ് വഴങ്ങിയതോടെ പാര്‍ട്ടിയിലെ പ്രതിസന്ധിക്കു അയവു വന്നിരുന്നു.
അതിനായി ഒപിഎസ് മുന്നോട്ടുവച്ചു 11 അംഗ സ്റ്റിയറിങ് കമ്മിറ്റി രൂപീകരണമാണു പിന്നീട് ചര്‍ച്ചകളില്‍ നിറഞ്ഞത്. ഇപിഎസ് വിഭാഗത്തിനു 6, ഒപിഎസിനു 5 എന്നിങ്ങനെയായിരിക്കും കമ്മിറ്റിയിലെ അംഗങ്ങളെന്നാണു വിവരം. സ്റ്റിയറിങ് കമ്മിറ്റിയില്‍ ഇടം ലഭിക്കാത്ത നേതാക്കളെ ഉള്‍പ്പെടുത്തി വിവിധ തിരഞ്ഞെടുപ്പു സമിതികളും പ്രഖ്യാപിച്ചേക്കും. കഴിഞ്ഞയാഴ്ച നടന്ന നിര്‍വാഹക സമിതി യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെച്ചൊല്ലി ഒപിഎസും ഇപിഎസും വാഗ്വാദത്തിലേര്‍പ്പെട്ടിരുന്നു. പിന്നീട് വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകളിലാണ് ഇപിഎസിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുക, പാര്‍ട്ടി ഭരണത്തിന് 11 അംഗ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കുക എന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയിലേക്കെത്തിയത്.
#thamilnadu #politics #eps #ops