കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിദഗ്ദ്ധർ എന്നു പറയുന്നവർ നാടിനെ തെറ്റിദ്ധരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി വിദഗ്ദ്ധരെ സർക്കാർ സ്വയം ബന്ധപ്പെടുന്നുണ്ട്. എന്നാൽ വിദഗ്ദ്ധർ എന്നു സ്വയം കരുതുന്നവരെ ആരോഗ്യവകുപ്പ് ബന്ധപ്പെട്ടിട്ടില്ല. ആരോഗ്യവകുപ്പ് പുഴുവരിച്ചു എന്നു പറയണമെങ്കിൽ പറയുന്നവരുടെ മനസ് പുഴുവരിച്ചതായിരിക്കും.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് എന്തെങ്കിലും വീഴ്ച പറ്റിയെങ്കിൽ ആ വീഴ്ച എന്താണെന്ന് സർക്കാരിനെ നേരിട്ടറിയിക്കുകയാണ് വേണ്ടത്. തെറ്റുകളും കുറവുകളും നികത്താൻ സർക്കാർ എല്ലാ നടപടികളും എടുത്തിട്ടുണ്ട്. ഇത്തരം പ്രസ്താവനകൾ ഇറക്കിയവർക്ക് വേറെയെന്തെങ്കിലും ഉദ്ദേശം ഉണ്ടായിരിക്കുമെന്നും എന്നാൽ ഇതൊന്നും കേരളത്തിൽ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് ജാഗ്രതയിൽ കുറവുണ്ടായെന്നും ഇതിനാലാണ് വ്യാപനം കൂടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ നേരത്തെയുണ്ടായിരുന്ന നില തിരിച്ചു പിടിക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കൊവിഡ് രോഗികളുടെ എണ്ണം കൂടുമ്പോൾ മരണനിരക്കും വർധിക്കാൻ സാധ്യതയുണ്ട്. അതിനാൽ കർശനമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ആരോഗ്യവകുപ്പിനെതിരായി ചിലർ ഉയർത്തുന്ന വിമർശനങ്ങൾ ഉചിതമായതാണോ എന്ന് ആരോപണം ഉന്നയിക്കുന്നവർ സ്വയം പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മികച്ച പ്രതിരോധം ഉണ്ടായതു കൊണ്ടാണ് കൊവിഡ് മരണനിരക്ക് പിടിച്ചുനിർത്താൻ സാധിച്ചതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ പറഞ്ഞു. എന്നാൽ ആരോഗ്യവകുപ്പിന് ചെറിയ വീഴ്ച സംഭവിച്ചാൽ പോലും വളഞ്ഞിട്ട് ആക്രമിക്കുന്ന അവസ്ഥയാണുള്ളത്. ആരോഗ്യവകുപ്പിൽ പുഴുവരിക്കുന്നു എന്നു പറയുന്നുവരുടെ മനോവ്യാപാരം അസഹനീയമാണ്.
കൊവിഡ് ബ്രിഗേഡിൽ ചേർന്നവരിൽ പലരും ജോലി ചെയ്യാൻ എത്താത്ത അവസ്ഥയുണ്ട്. ഇതുകൊണ്ടാണ് പല സേവനങ്ങൾക്കും മതിയായ ജീവനക്കാരെ വിന്യസിക്കാൻ സാധിക്കാത്തതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ ഈ മാസം നിർണായകമാണെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.