ജനശതാബ്ദി, വേണാട് ട്രെയിനുകൾ റദ്ദാക്കാനുളള തീരുമാനം പിൻവലിച്ചു

ജനശതാബ്ദി എക്സ്പ്രസ്, വേണാട് എക്സ്പ്രസ് എന്നിവ റദ്ദാക്കാനുളള തീരുമാനം പിൻവലിച്ചു. ജനപ്രതിനിധികളുടേയും യാത്രക്കാരുടെയും പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. യാത്രക്കാരുടെ കുറവിനെ തുടർന്നാണ് തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി, വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകൾ റദ്ദാക്കാൻ റെയിൽവെ തീരുമാനിച്ചത്. ഓണത്തിന് മുൻപുളള കണക്ക് പ്രകാരം 25 ശതമാനത്തിൽ താഴെ മാത്രം യാത്രക്കാരായിരുന്നു ഈ ട്രെയിനുകളിൽ ഉണ്ടായിരുന്നത്.

എന്നാൽ സ്ഥിരം യാത്രക്കാരുടെ ആശ്രയമായ ഈ ട്രെയിനുകൾ നിർത്തലാക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു. ട്രെയിനുകൾ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചിരുന്നു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ബിനോയ് വിശ്വം എംപിയും നീക്കത്തിനെതിരെ കേന്ദ്രത്തെ സമീപിച്ചു. യാത്രക്കാരുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഡിആർഎം ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ഈ സാഹചര്യത്തിലാണ് പുനർവിചിന്തനത്തിന് ദക്ഷിണ റെയിൽവേ തയ്യാറായത്. കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചും റിസർവേഷൻ ഇല്ലാത്തവരെ യാത്രചെയ്യാൻ അനുവദിച്ചും യാത്രക്കാരുടെ കുറവ് പരിഹരിക്കണമെന്ന് അഭിപ്രായമുയർന്നിരുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ റെയിൽവെ തീരുമാനമെടുത്തിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular