വായ്പ തിരിച്ചടവിനുള്ള മോറട്ടോറിയം കാലം ഫലത്തില്‍ സെപ്റ്റംബര്‍ 28 വരെ നീട്ടി സുപ്രീം കോടതി. തിരിച്ചടവില്ലാത്ത അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കുന്നത് മറ്റൊരു ഉത്തരവ് വരുന്നതു വരെ വിലക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി വായ്പ തിരിച്ചടവിലെ മോറട്ടോറിയം ആറ് മാസം നല്‍കാന്‍ ആര്‍ ബി ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മാര്‍ച്ചിലായിരുന്നു ആദ്യ ഘട്ട മോറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീട് ജൂണില്‍ ഇത് ഓഗ്സ്റ്റ് വരെ നീട്ടി. കോവിഡ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ആശ്വാസ നടപടിയായ മോറട്ടോറിയം ഓഗസ്റ്റ് 31ന് അവസാനിച്ചു.
ഓഗസ്റ്റ് 31 ന് കിട്ടാക്കടമായി പ്രഖ്യാപിക്കാത്ത വായ്പകളെ ഈ ഗണത്തിലേക്ക് മാറ്റുന്നത് മറ്റൊരു ഉത്തരവു വരെ നിര്‍ത്തി വയ്്ക്കുക വഴി ഫലത്തില്‍ മോറട്ടോറിയം സെപ്റ്റംബര്‍ 28 വരെ നീട്ടുകയായിരുന്നു. 28 നാണ് കോടതി കേസ് വീണ്ടും പരിഗണിക്കുക.മോറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച അന്തിമ ഉത്തരവ് ഇനിയും വാരാനിരിക്കുന്നതേയുള്ളു. ഇക്കാര്യത്തില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും ആര്‍ ബി ഐ യ്ക്കും 28 വരെ സമയം അനുവദിച്ചു.
സാധാരണ മുന്ന് മാസത്തവണകള്‍ മുടങ്ങിയാല്‍ വായ്പകളെ ബാങ്കുകള്‍ കിട്ടാക്കടത്തിന്റെ ഗണത്തില്‍ പെടുത്താറാണ് പതിവ്. എന്നാല്‍ ആറ് മാസം മോറട്ടോറിയമായതിനാല്‍ ഓഗ്‌സറ്റ് 31 വരെ ഇങ്ങനെ വായ്പകളെ ബാങ്കുകള്‍ തരം തിരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സെപ്റ്റംബര്‍ 28 വരെ ഫലത്തില്‍ മോറട്ടോറിയം കാലം നീട്ടി നല്‍കിയത്. ഇതിനുള്ളില്‍ മോറട്ടോറിയം കാലത്തെ പലിശ, പലിശയ്ക്ക് ഈടാക്കുന്ന പലിശ തുടങ്ങിയവ സംബന്ധിച്ച് സര്‍ക്കാരും ആര്‍ബി ഐയും സുപ്രീം കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.