ഓടിത്തുടങ്ങുന്ന 80 തീവണ്ടികളിൽ ഒന്നുപോലും കേരളത്തിൽനിന്ന് ഇല്ല; കാരണം ഇതാണ്

പ്രത്യേക തീവണ്ടികൾ ഓടിക്കുന്നതിനോട് കേരളം യോജിക്കാത്തത് കോവിഡ് വ്യാപനം കൂട്ടാനിടയാക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ. രാജ്യത്ത് ശനിയാഴ്‌ച മുതൽ ഓടിത്തുടങ്ങുന്ന 80 തീവണ്ടികളിൽ ഒന്നുപോലും കേരളത്തിൽനിന്ന് ഇല്ലാതെ പോയതിന്റെ കാരണം ഇതാണ്. ഒക്ടോബർ അവസാനത്തോടെ സംസ്ഥാനത്ത് ഇപ്പോഴത്തേതിലും കൂടുതൽ കോവിഡ്‌ രോഗികൾ ഉണ്ടായേക്കുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീവണ്ടിയോട് തത്കാലം അകൽച്ച പാലിച്ചത്.

രോഗികളുടെ എണ്ണം കൂടിയേക്കുമെന്ന സൂചന കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നൽകിയിരുന്നു. അൺലോക്ക് പ്രക്രിയയുടെ നാലാംഘട്ടത്തിന്റെ ഭാഗമായി രാജ്യത്ത് 100 പ്രത്യേക തീവണ്ടികൾ ഓടിക്കാൻ ഉദ്ദേശിക്കുന്നതായി കാണിച്ച് റെയിൽവേ ബോർഡ് എല്ലാ സംസ്ഥാനങ്ങൾക്കും മൂന്നാഴ്‌ചമുമ്പ് കത്തയച്ചിരുന്നു. ദക്ഷിണ റെയിൽവേ ജനറൽ മാനേജരാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത്‌ നൽകിയത്. സംസ്ഥാനത്തിന്റെ പ്രതികരണം കിട്ടിയാൽ ഓടിക്കാനായി മൂന്ന് ട്രെയിനുകളുടെ പട്ടികയും ദക്ഷിണ റെയിൽവേയിൽനിന്ന് റെയിൽവേ ബോർഡിലേക്ക് നൽകി. കേരള എക്സ്‌പ്രസ്, തിരുവനന്തപുരം-ചെന്നൈ മെയിൽ, ബെംഗളൂരുവിലേക്കുള്ള ഐലൻഡ് എക്സ്പ്രസ് എന്നീ തീവണ്ടികളാണ് നിർദേശിച്ചിരുന്നത്. അമൃത എക്സ്‌പ്രസ് പാലക്കാട് വരെ ഓടിക്കാനും നീക്കമുള്ളതായി വിവരമുണ്ടായിരുന്നു. കേരളത്തിൽനിന്ന് പ്രതികരണം ഉണ്ടാവാതിരുന്നതിനാൽ മറ്റു സംസ്ഥാനങ്ങളുടെ ശുപാർശകൾ നടപ്പാക്കുകയായിരുന്നു.

സംസ്ഥാനത്തിനുള്ളിൽ തമിഴ്‌നാട് ഏഴ് സർവീസുകളാണ് ആവശ്യപ്പെട്ടത്. ഇതും മറ്റു സംസ്ഥാനങ്ങളിലേക്കുള്ള മൂന്നു തീവണ്ടികളും തമിഴ്‌നാടിന് അനുവദിച്ചിട്ടുണ്ട്.

ഇപ്പോൾ കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളിൽനിന്ന് നാല് തീവണ്ടികളാണ് ഓടിക്കുന്നത്. മംഗള, നേത്രാവതി, തുരന്തോ, രാജധാനി എന്നിവ. രാജധാനിയും നേത്രാവതിയും സെപ്റ്റംബർ 15 വരെ നിർത്തിവച്ചിരിക്കുകയാണ്. കൊങ്കൺ റൂട്ടിലെ മണ്ണിടിച്ചിലാണ് കാരണം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7