ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിരവധിയിടങ്ങളില്‍ ഉണ്ടായ വെട്ടുകിളി ആക്രമണങ്ങളെ ഡ്രോണുകള്‍ അടക്കമുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ചെറുത്തു തോല്‍പിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചെന്ന് പ്രധാനമന്ത്രി. ഝാന്‍സിയിലെ റാണി ലക്ഷ്മിഭായ് കേന്ദ്ര കാര്‍ഷിക സര്‍വകലാശാലയുടെ പുതിയ കെട്ടിടം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യവെയാണ് വെട്ടുകിളി ആക്രമണത്തെ ചെറുക്കാന്‍ ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രധാനമന്ത്രി വാചാലനായത്.
കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശ് അടക്കം രാജ്യത്തെ പത്ത് സംസ്ഥാനങ്ങളില്‍ വെട്ടുകിളികളുടെ ആക്രമണം രൂക്ഷമായിരുന്നു. അതിവേഗം വ്യാപിച്ചുകൊണ്ടിരുന്ന വെട്ടുകിളികളെ സാമ്പ്രദായിക മാര്‍ഗങ്ങളിലൂടെ നേരിടാന്‍ സാധിക്കുമായിരുന്നില്ല. ഈ പ്രതിസന്ധിയെ ഇന്ത്യ നേരിട്ടത് ശാസ്ത്രീയമായ രീതിയിലാണ്. വലിയ വിജയമാണ് ഇക്കാര്യത്തില്‍ നാം നേടിയത്. മോദി പറഞ്ഞു.
വെട്ടുകിളികളില്‍നിന്ന് കാര്‍ഷികവിളകളെ രക്ഷിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. നിരവധി കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുകയും പ്രത്യേകം രൂപകല്‍പന ചെയ്ത സ്‌പ്രേ മെഷീനുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഉയരമേറിയ വൃക്ഷങ്ങളെ വെട്ടുകിളി ആക്രമണത്തില്‍നിന്ന് രക്ഷിക്കുന്നതിന് ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചു.
ഉണ്ടാകുമായിരുന്ന ഭീമമായ നഷ്ടത്തില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ ഈ നടപടികളിലൂടെ സാധിച്ചു. കോവിഡ് വ്യാപനം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ കൈവരിച്ച ഈ നേട്ടത്തെക്കുറിച്ച് ഒരാഴ്ചയെങ്കിലും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.