തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തീപിടുത്തമുണ്ടായതിന് തൊട്ടു പിന്നാലെ സെക്രട്ടറിയേറ്റിനുള്ളില്‍ കടന്നതിനാലാണ് സുരേന്ദ്രനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് താന്‍ സെക്രട്ടറിയേറ്റിലെത്തിയതെന്നും കെ. സുരേന്ദ്രന്‍ പ്രതികരിച്ചു.
‘എന്നെ വേട്ടയാടി മതിയായിക്കാണില്ല.. ശബരിമല കാലത്തെ പോലെ അകത്തിടാനാകും പരിപാടി. മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടാണ് ഞാന്‍ അവിടെ എത്തിയത്. പിണറായിക്ക് ഭ്രാന്ത് പിടിച്ചോ? ഇവിടെ എന്താണ് അടിയന്തരാവസ്ഥയാണോ? സുരേന്ദ്രന്‍ ചോദ്യമുയര്‍ത്തി.
സുരക്ഷാ വീഴ്ചയുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും അദേഹം ആവശ്യമുയര്‍ത്തി. തീപിടുത്തത്തിന് പിന്നാലെ സുരേന്ദ്രന്‍ അകത്ത് കടന്നത് സുരക്ഷാ വീഴ്ചയാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ചീഫ് സെക്രട്ടറി ഓഫീസില്‍ നിന്നെത്തും മുമ്പ് സുരേന്ദ്രന്‍ എത്തിയത് സംശയാസ്പദമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.