കൊറോണ വൈറസിനെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി കടല്‍പ്പായലുകളെക്കുറിച്ചുള്ള കൊച്ചിയിലെ സിഐഎഫ്ടി ഗവേഷകരുടെ പ്രവര്‍ത്തനത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. കോവിഡിനെതിരെ പോരാടുന്നതിന് ഫലപ്രദമായ ഇമ്യൂണോ തെറാപ്പിയായി കടല്‍പ്പായല്‍ നിര്‍ദ്ദേശിക്കുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ (സിഫ്റ്റ്) പഠന റിപ്പോര്‍ട്ടാണ് ലോകാരോഗ്യ സംഘടന അംഗീകരിച്ചത്. ഇത് ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സിഐഎഫ്ടി ഗവേഷണ ലേഖനം കറന്റ് സയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കടല്‍പ്പായലില്‍ നിന്നുള്ള സള്‍ഫേറ്റഡ് പോളിസാക്രറൈഡുകള്‍ക്ക് കോവിഡ് മഹാമാരിക്കെതിരെ രോഗപ്രതിരോധവും ചികിത്സാ പരിഹാരവും നല്‍കാന്‍ കഴിയുമോ? എന്നതായിരുന്നു പഠനം. ഗവേഷകരായ ആഷിഷ് കെ. ഝാ, സുശീല മാത്യു, സി.എന്‍. രവിശങ്കര്‍ എന്നിവരാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. കൊറോണ വൈറസിനെതിരെ ഫലപ്രദമായ രോഗപ്രതിരോധ ചികിത്സയായി കടല്‍പ്പായലിന്റെ ശേഷിയാണ് ഡബ്ല്യുഎച്ച്ഒ അംഗീകരിച്ച റിപ്പോര്‍ട്ടില്‍ ഉയര്‍ത്തിക്കാട്ടുന്നത്.
സമുദ്രവിഭവത്തില്‍ നിന്നും കൊറോണയെ നേരിടാന്‍ എന്തു ലഭിക്കുമെന്നതില്‍ നിന്നാണ് ഈ കണ്ടെത്തലുണ്ടായത്. സാര്‍സ്-കോവ് 2നെതിരെ പോരാടുന്നതിനുള്ള ഇതൊരു അദ്ഭുത മരുന്നായി പ്രവര്‍ത്തിക്കുന്നു എന്നാണ് സിഐഎഫ്ടി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. സമുദ്ര ആവാസവ്യവസ്ഥയില്‍ എളുപ്പത്തില്‍ ലഭ്യമാകുന്നതും സമൃദ്ധവുമായ ഇനങ്ങളിലൊന്നാണ് കടല്‍പ്പായല്‍. കടല്‍പ്പായലിന്റെ ഡെറിവേറ്റീവുകള്‍ക്ക് ധാരാളം പോഷകഗുണങ്ങളുണ്ട്. ചുവപ്പ്, പച്ച കടല്‍പ്പായലുകളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത നിരവധി പോളിസാക്രറൈഡുകള്‍ അതിന്റെ ആന്റിവൈറല്‍ സ്വഭാവസവിശേഷതകള്‍ക്കായി വിലയിരുത്തി. ഇതിന് ഹോസ്റ്റ് സെല്ലുകളിലേക്കുള്ള കൊറോണ വൈറസിന്റെ പ്രാരംഭ അറ്റാച്ചുമെന്റിനെ തടയാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തി. ഇത് മനുഷ്യ ശരീരത്തിലേക്കുള്ള വൈറല്‍ പ്രവേശനത്തെ ഫലപ്രദമായി തടയുന്നുണ്ടെന്നും ഗവേഷകര്‍ തെളിയിച്ചു.
ജലദോഷം, ഇന്‍ഫ്‌ലുവന്‍സ വൈറസ് എച്ച് 1 എന്‍ 1 പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികിത്സാ ഏജന്റായി ചുവന്ന കടല്‍പ്പായലില്‍ നിന്നുള്ള സള്‍ഫേറ്റഡ് പോളിസാക്രറൈഡ് കാരഗെജനന്‍ ഇതിനകം പരീക്ഷിച്ചു വിജയിച്ചതാണ്. നോവല്‍ പാന്‍ഡെമിക് എച്ച് 1/ എന്‍ 1/2009 ഇന്‍ഫ്‌ലുവന്‍സയ്ക്കെതിരെ അയോട്ട-കാരഗെജനന്‍ സജീവമാണെന്ന് വിട്രോ പഠനം കാണിക്കുന്നു. സള്‍ഫേറ്റഡ് പോളിസാക്രറൈഡിന്റെ ഉപയോഗം ഇന്റര്‍ഫെറോണ്‍, ഇന്റര്‍ലൂക്കിന്‍ എന്നിവയുടെ സ്രവങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ഇത് ശക്തമായ രോഗപ്രതിരോധ ഉത്തേജകമാണെന്നും സൂചിപ്പിക്കുന്നു. ലഭ്യമായ ശാസ്ത്രീയ അറിവ് കണക്കിലെടുക്കുമ്പോള്‍, കോവിഡ് മഹാമാരിക്കെതിരെ പോരാടാനുള്ള ശക്തമായ ഒരു തന്മാത്രയാണ് കടല്‍പ്പായലില്‍ നിന്നുള്ള സള്‍ഫേറ്റഡ് പോളിസാക്രൈഡ് എന്ന് കരുതുന്നു.