തിരുവനന്തപുരം ജനറല്‍ ആശുപത്രി ഇനി പൂര്‍ണമായും കൊവിഡ് ആശുപത്രി; മറ്റ് ചികിത്സ ലഭിക്കുന്നത്?

കൊവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി 300 കിടക്കകളോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി പൂര്‍ണമായും കൊവിഡ് ആശുപത്രിയാക്കി മാറ്റി. ആശുപത്രിയിലെ അത്യാഹിത വിഭാഗം, സ്പെഷ്യലിറ്റി, സൂപ്പര്‍ സ്പെഷ്യലിറ്റി വിഭാഗങ്ങള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കില്ലെന്നും ഒന്‍പതാം വാര്‍ഡും ഡയാലിസിസ് യൂണിറ്റും പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെഎസ് ഷിനു അറിയിച്ചു.

അത്യാഹിത വിഭാഗം പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലും ഫോര്‍ട്ട് താലൂക്കാശുപത്രിയിലും പ്രവര്‍ത്തിക്കും. ത്വക്ക് രോഗം, ഇഎന്‍ടി, നേത്ര രോഗ വിഭാഗം, ഓര്‍ത്തോപീഡിക്, മെഡിസിന്‍, ഡെന്റല്‍, സര്‍ജറി വിഭാഗങ്ങളുടെ സേവനവും പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ ലഭിക്കും.

മെഡിസിന്‍, ഡെന്റല്‍ വിഭാഗങ്ങളുടെ സേവനങ്ങള്‍ ഫോര്‍ട്ട് താലൂക്കാശുപത്രിയില്‍ ലഭ്യമാണ്. നേത്രരോഗ ചികിത്സാ സൗകര്യം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താല്‍മോളജിയിലും (കണ്ണാശുപത്രി ) കിട്ടുന്നതാണ്. മാനസികാരോഗ്യ വിഭാഗം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കും.

ശ്വാസകോശരോഗ ചികിത്സയ്ക്ക് പുലയനാര്‍കോട്ടെ നെഞ്ച് രോഗ ആശുപത്രിയില്‍ സൗകര്യമുണ്ട്.

കാര്‍ഡിയോളോജി, നെഫ്രോളജി, ന്യൂറോളജി, ഗ്യാസ്ട്രോ എന്റോളോജി വിഭാഗങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അഭ്യര്‍ഥിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular