ജലീലിന് കുരുക്ക് മുറുകുന്നു; രണ്ടുവര്‍ഷമായി നയതന്ത്ര പാഴ്‌സലുകള്‍ക്ക് അനുമതി ഇല്ല

തിരുവനന്തപുരം: പാഴ്‌സല്‍ എത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന് കുരുക്ക് മുറുകുന്നു. രണ്ടുവര്‍ഷമായി നയതന്ത്ര പാഴ്‌സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ ഓഫീസര്‍ ബി. സുനില്‍കുമാര്‍ കസ്റ്റംസിന് മറുപടി നല്‍കി.

തപാലിലൂടെയും ഇമെയിലിലൂടെയും വിശദീകരണം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് വരുന്ന നയതന്ത്ര പാഴ്‌സലുകള്‍ക്ക് അനുമതി നല്‍കുന്നത് പ്രോട്ടോകോള്‍ ഓഫീസറാണ്. ഇദ്ദേഹത്തിന്റെ സമ്മതപത്രം ഹാജരാക്കിയാല്‍ മാത്രമെ പാഴ്‌സല്‍ വിട്ടുനല്‍കൂ.

പാഴ്‌സല്‍ വിട്ടു നല്‍കിയതായി അറിയിച്ച് പ്രോട്ടോകോള്‍ ഓഫീസര്‍ക്കും കത്തു നല്‍കും. എന്‍ഐഎയ്ക്ക് ഉടന്‍ തന്നെ മറുപടി നല്‍കുമെന്നും പ്രോട്ടോകോള്‍ ഓഫീസര്‍ അറിയിച്ചു. അതേ സമയം നയതന്ത്ര പാഴ്‌സലായാണ് മതഗ്രന്ഥങ്ങള്‍ എത്തിയതെന്നാണ് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞത്.

യുഎഇ കോണ്‍സുലേറ്റുമായി മന്ത്രി കെ.ടി. ജലീല്‍ പല കാര്യങ്ങള്‍ക്കും ബന്ധപ്പെട്ടതു പ്രോട്ടോകോള്‍ ലംഘിച്ചാണെന്ന് അന്വേഷണ ഏജന്‍സികള്‍ വിദേശകാര്യ മന്ത്രാലയത്തിനു റിപ്പോര്‍ട്ടു നല്‍കിയിരുന്നു. മന്ത്രിമാര്‍ നേരിട്ടു വിദേശ രാജ്യങ്ങളുടെ ഓഫിസുമായി ബന്ധപ്പെടരുതെന്ന നിര്‍ദേശം ലംഘിച്ച ജലീല്‍ 2018നുശേഷം നിരവധി സ്വകാര്യ സന്ദര്‍ശനങ്ങള്‍ യുഎഇ കോണ്‍സുലേറ്റില്‍ നടത്തിയെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. ചട്ടലംഘനം സംബന്ധിച്ച കാര്യങ്ങളില്‍ നടപടിയെടുക്കേണ്ടതു വിദേശകാര്യ മന്ത്രാലയമാണ്.

നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ കൊണ്ടുവരരുതെന്ന നിയമം ലംഘിച്ചതിനൊപ്പം സര്‍ക്കാര്‍ സ്ഥാപനത്തിന്റെ വാഹനത്തില്‍ അതു വിതരണം ചെയ്തതും ഗുരുതരമായ വീഴ്ചയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസറെ ഒഴിവാക്കിയാണ് ജലീല്‍ യുഎഇ കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന പ്രോട്ടോകോള്‍ വിഭാഗത്തില്‍നിന്നു രേഖകള്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നല്‍കിയത്. മതഗ്രന്ഥങ്ങള്‍ സ്വീകരിച്ചതിനു പുറമേ മറ്റെന്തെങ്കിലും ഇടപാടുകള്‍ ജലീലിന്റെ ഭാഗത്തുനിന്നുണ്ടായോ എന്നാണു പരിശോധിക്കുന്നത്.

കോണ്‍സുലേറ്റുമായുള്ള ബന്ധത്തെക്കുറിച്ചു കൂടുതല്‍ വ്യക്തത വരുത്താന്‍ വരുംദിവസങ്ങളില്‍ ജലീലിന്റെ മൊഴി രേഖപ്പെടുത്താനും സാധ്യതയുണ്ട്. മതഗ്രന്ഥം ഉള്‍പ്പെടെയുള്ള പാഴ്‌സലുകള്‍ കോണ്‍സുലേറ്റിലെത്തിയ തീയതികളിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular