കൊറോണ വൈറസിന് പുതുതായി 73 ജനിതക വകഭേദങ്ങള്‍ കണ്ടെത്തി ഇന്ത്യന്‍ ഗവേഷകര്‍

നിരന്തരം ജനിതക പരിവര്‍ത്തനത്തിന് വിധേയമാക്കപ്പെട്ടാണ് കോവിഡ് ലോകമെങ്ങും പടരുന്നത്. വുഹാനില്‍ ആദ്യം പ്രത്യക്ഷപ്പെട്ട കൊറോണ വൈറസ് വകഭേദമല്ല പിന്നീട് യൂറോപ്പിലേക്കും അമേരിക്കയിലേക്കും പടര്‍ന്നത്. ഇന്ത്യയിലെത്തിയപ്പോഴും നിരവധി ജനിതക വകഭേദങ്ങള്‍ കോവിഡിന് ഉണ്ടായി. ഇപ്പോള്‍ പുതുതായി 73 ജനിതക വകഭേദങ്ങള്‍ കൂടി കൊറോണ വൈറസിന് കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഒരു കൂട്ടം ഗവേഷകര്‍.

ന്യൂഡല്‍ഹിയിലെ സിഎസ്ഐആര്‍-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെയും ഭുവനേശ്വറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെയും ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

752 ക്ലിനിക്കല്‍ സാംപിളുകള്‍ ഉള്‍പ്പെടെ 1536 സാംപിളുകളില്‍ സീക്വന്‍സിങ്ങ് നടത്തിയാണ് ഗവേഷണ സംഘം ഈ വകഭേഗങ്ങള്‍ കണ്ടെത്തിയത്. ആ.1.112 , ആ.1.99 എന്നീ രണ്ട് ലൈനേജുകളും ഇതാദ്യമായി ഇന്ത്യയില്‍ കണ്ടെത്തിയതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ജയശങ്കര്‍ ദാസ് പറയുന്നു.

നോവല്‍ കൊറോണ വൈറസിന്റെ വിശദമായ സ്വഭാവസവിശേഷതകള്‍ ജനിതക സ്വീക്വന്‍സിങ്ങിലൂടെ തിരിച്ചറിയുന്നത് രോഗചികിത്സയ്ക്ക് സഹായകമാകുമെന്ന് ഗവേഷകര്‍ പറയുന്നു. തീവ്രത കുറഞ്ഞത്, ഇടത്തരം, തീവ്രത കൂടിയത് എന്നിങ്ങനെ മൂന്നു തരം കോവിഡ് ബാധയെയും അവയുടെ വ്യാപന ശേഷികളെയും തിരിച്ചറിയുന്നതിന് 500 വൈറല്‍ ജീനോമുകളെ സീക്വന്‍സിങ്ങിനു വിധേയമാക്കുന്ന മറ്റൊരു ഗവേഷണവും ഈ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്.

ആര്‍ടി-പിസിആര്‍ പരിശോധനകള്‍ ഒരാള്‍ കോവിഡ് പോസിറ്റീവാണോ നെഗറ്റീവാണോ എന്ന് മാത്രമാണ് കണ്ടെത്തുന്നത്. അതേ സമയം ജനിതക സീക്വന്‍സിങ്ങ് പരിശോധനയിലൂടെ രോഗിയിലുള്ള കൊറോണ വൈറസിന്റെ സമ്പൂര്‍ണ ചരിത്രം മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ഡോ. ദാസ് കൂട്ടിച്ചേര്‍ക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7