ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളായാൽ ലോകം ജീവിക്കാൻ കൂടുതൽ സുരക്ഷിതമാകും; ഇന്ത്യ്‌ക്കൊപ്പമെന്ന് ബൈഡന്‍

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങളിലും രാജ്യത്തിനൊപ്പം നിൽക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ സാധ്യമായതെന്തും ചെയ്യുമെന്നും സ്ഥാനാർഥി ജോ ബൈഡൻ. നവംബർ മൂന്നിനു നടക്കുന്ന തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെതിരെ ഡമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബൈഡൻ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു. ‘15 വർഷം മുൻപ് ഇന്ത്യയുമായുള്ള നിർണായക ആണവകരാർ ഒപ്പിടുന്നതിനു ഞാനും മുന്നിലുണ്ടായിരുന്നു. യുഎസും ഇന്ത്യയും അടുത്ത സുഹൃത്തുക്കളായാൽ ലോകം ജീവിക്കാൻ കൂടുതൽ സുരക്ഷിതമാകും’– അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കകത്തും അതിർത്തിയിലുമുള്ള എല്ലാ പ്രശ്നങ്ങളും മറികടക്കാൻ യുഎസിന്റെ സഹായമുണ്ടാകുമെന്നും ചൈനയുടെയും പാക്കിസ്ഥാന്റെയും പേരെടുത്തു പറയാതെ ബൈഡൻ വ്യക്തമാക്കി.

ചരിത്രത്തിലാദ്യമായി ഏറ്റവുമധികം ഇന്തോ–അമേരിക്കക്കാർ ഭരണസംവിധാനത്തിനൊപ്പമുണ്ടായിരുന്നത് ഒബാമയുടെ ഭരണകാലത്താണ്. ഇത്തവണയും വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇന്തോ–അമേരിക്കക്കാരിയായ കമല ഹാരിസ് വരുമെന്നത് ഉറപ്പാണ്. വംശീയാതിക്രമങ്ങളുടെ ഇക്കാലത്ത് എല്ലാ വിഭാഗക്കാർക്കും മതത്തിൽപ്പെട്ടവർക്കും സുരക്ഷിതമായി ജീവിക്കാനുള്ള ഇടമാണ് യുഎസ് എന്ന് ലോകത്തെ ധരിപ്പിക്കാൻ ഇന്ത്യക്കാരുടെ സാന്നിധ്യം വലിയ സഹായമാണു ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എച്ച്–1ബി വീസ സംബന്ധിച്ച നിലവിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്ന സൂചനയും ബൈഡൻ നൽകി. ദശാബ്ദങ്ങളായി രാജ്യത്തിന്റെ കരുത്തിനും ഇന്ത്യയെയും യുഎസിനെയും ഒരുമിച്ചു നിർത്തുന്നതിനും എച്ച്–1ബി വീസ പോലുള്ള സംവിധാനങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസ് കമ്പനികൾക്ക് ഇന്ത്യയിൽനിന്നുൾപ്പെടെയുള്ള ജീവനക്കാരെ ചില പ്രത്യേക മേഖലകളിലെ വിദഗ്ധ സേവനത്തിനായി ലഭ്യമാക്കുന്നതിനു സഹായിക്കുന്ന നോൺ–ഇമിഗ്രന്റ് വീസയാണ് എച്ച്–1ബി. ട്രംപ് ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.

രാജ്യം തിരിച്ച് ഗ്രീൻ കാർഡുകൾക്ക് ക്വാട്ട നൽകുന്നത് അവസാനിപ്പിക്കുമെന്നും ബൈഡൻ പറഞ്ഞു. യുഎസ് പൗരനല്ലാത്ത ഒരാള്‍ക്ക് അവിടെ ജീവിക്കാനും ജോലിയെടുക്കാനും ആജീവനാന്ത അനുമതി നൽകുന്നതാണ് ഗ്രീൻ കാർഡ്. യുഎസിലെ ഇന്ത്യൻ സമൂഹം ഏറെ പ്രതീക്ഷയോടെയാണ് ഗ്രീൻ കാർഡ്, എച്ച്–1ബീ വീസ സംബന്ധിച്ച തീരുമാനങ്ങൾ കാത്തിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular