ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഊതിപ്പെരുപ്പിക്കുകയാണെന്ന് നടി റിയ ചക്രവര്‍ത്തി. മാധ്യമ വിചാരണ തനിക്കു കടുത്ത മാനസിക വിഷമമുണ്ടാക്കുന്നതും സ്വകാര്യതയിലുള്ള കടുന്നുകയറ്റവുമാണെന്നും സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നടി പരാതിപ്പെട്ടു
തനിക്കെതിരെയുള്ള എഫ്‌ഐആര്‍ പട്‌നയില്‍നിന്ന് മുംബൈയിലേക്കു മാറ്റണണമെന്നും ബിഹാര്‍ പൊലീസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്നുമുള്ള റിയയുടെ ഹര്‍ജി കോടതി ഇന്നു വീണ്ടും പരിഗണിക്കും. തന്നെ കുറ്റക്കാരിയെന്നു വിധിക്കുന്നു. രാഷ്ട്രീയ അജണ്ടകളുടെ ബലിയാടാക്കുകയാണ്. നടന്‍മാര്‍ അശുതോഷ് ഭക്രെയും സമീര്‍ ശര്‍മയും അടുത്തിടെ ആത്മഹത്യ ചെയ്‌തെങ്കിലും നിശ്ശബ്ദതയാണെന്നും റിയ ആരോപിച്ചു.
അതിനിടെ, റിയ ചക്രവര്‍ത്തിയെയും സഹോദരന്‍ ഷോവിക്കിനെയും ഇഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറേറ്റ്) മുംബൈയില്‍ വീണ്ടും ചോദ്യം ചെയ്തു. സുശാന്തിന്റെ സുഹൃത്തും ഒപ്പം താമസിച്ചിരുന്നയാളുമായ സിദ്ധാര്‍ഥ് പിഥാനിയെയും ചോദ്യം ചെയ്തു. 18 ലക്ഷം രൂപയുടെ വരുമാനം അധികൃതരെ അറിയിച്ച റിയയുടെ അധിക നിക്ഷേപങ്ങളെക്കുറിച്ചായിരുന്നു ചോദ്യം ചെയ്യല്‍. ബാന്ദ്രയ്ക്കടുത്ത് ഖാര്‍ റോഡിലും നവിമുംബൈയിലെ ഉള്‍വെയിലും റിയ വാങ്ങിയ വീടുകള്‍ക്കായി പണം ലഭിച്ചത് എവിടെ നിന്നാണെന്നും അന്വേഷിക്കുന്നു.
തന്റെ വരുമാനത്തില്‍ നിന്നുള്ള പണവും ബാക്കി വായ്പ എടുത്തുമാണ് വീടുകള്‍ വാങ്ങിയതെന്നാണ് നടി ചോദ്യം ചെയ്യലില്‍ പറഞ്ഞത്. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ അച്ഛന് പ്രതിമാസം ഒരു ലക്ഷം രൂപ പെന്‍ഷനുണ്ടെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ, 2 ദിവസങ്ങളായി 22 മണിക്കൂറോളം ഷോവിക്കിനെ ചോദ്യം ചെയ്ത ശേഷമാണ് ഇന്നലെ വീണ്ടും വിളിച്ചുവരുത്തിയത്. റിയയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെയും ചോദ്യം ചെയ്തിരുന്നു.
സുശാന്ത് സിങ് കേസില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെ, മുതിര്‍ന്ന ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് എന്നിവരെ സിബിഐ ചോദ്യം െചയ്യണമെന്ന് ബിജെപി വക്താവ് നിഖില്‍ ആനന്ദ് ആവശ്യപ്പെട്ടു. അതിനിടെ, സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയാന്റെ മൃതദേഹം കണ്ടെത്തിയതിനെക്കുറിച്ച് തെറ്റായ പ്രചാരണം നടക്കുന്നതായി മുംബൈ പൊലീസ് അറിയിച്ചു. ജൂണ്‍ എട്ടിന് കെട്ടിടത്തില്‍ നിന്നു ചാടി മരിച്ച ദിഷയുടെ മൃതദേഹം നഗ്‌നമായ നിലയിലായിരുന്നു എന്ന പ്രചാരണം തെറ്റാണെന്നും പൊലീസ് വ്യക്തമാക്കി.
follow us pathramonline:-#sushant sing rajaput, #rhea chakraborty