15 കിടക്കകൾ, വെന്റിലേറ്റർ സൗകര്യം; ഷാരൂഖ് ഖാന്‍റെ നാല് നില ഓഫീസ് കെട്ടിടം ഇനി കോവിഡ് ഐസിയു  

നടൻ ഷാരൂഖ് ഖാന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം കോവിഡ് ഐസിയു ആക്കി ക്രമീകരിച്ചു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് തന്റെ ഓഫീസ് കെട്ടിടം കോവിഡ് രോ​ഗികളെ ചികിത്സിക്കാനായി ഷാരൂഖ് വിട്ടുകൊടുത്തത്. ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഹിന്ദുജ ആശുപത്രിയുടേയും ഷാരൂഖിന്റെ മീർ ഫൗണ്ടേഷന്റെയും ശ്രമഫലമായാണ് ഓഫീസ് കെട്ടിടം ഐസിയു ആക്കിയത്. 15 ഐസിയു ബെഡുകളാണ് ഈ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്.

കോവിഡ് 19 അത്യാസന്ന നിലയിലുള്ള രോഗികൾക്ക് വെൻറിലേറ്റർ അടക്കമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായിക്കൊണ്ട് ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും വീടിനോടു ചേർന്നുള്ള ഓഫീസ് മുറി ക്വാറന്റൈനിൽ കഴിയുന്നവർക്ക് വിട്ടു നൽകിയത് നേരത്തെ വലിയ വാർത്തയായിരുന്നു. ഷാരൂഖിന്റെ വീടിനോടു ചേർന്ന നാലു നിലയുള്ള ഓഫീസ് മുറി ക്വാറന്റൈനിൽ കഴിയുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കുമായാണ് താരം വിട്ടു നൽകിയത്.

ഖാന്റെ പ്രവൃത്തിയിൽ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നന്ദി രേഖപ്പെടുത്തിയിരുന്നു.

മുംബൈയിലുൾപ്പെടെ കൊറോണ വ്യാപനം കനത്തതോടെ രാപ്പകലില്ലാതെ സേവനമനുഷ്ഠിക്കുന്ന ആരോഗ്യപ്രവർത്തകരെ സഹായിക്കാനും വിശന്നു വലഞ്ഞവർക്ക് ഭക്ഷണകിറ്റുകൾ വിതരണം ചെയ്യാനും മുൻപന്തിയിൽ കിങ് ഖാൻ ഉണ്ടായിരുന്നു. ലോക്ഡൗണിൽ ബുദ്ധിമുട്ടുന്ന ദിവസവേതനക്കാർക്ക് പണമെത്തിക്കുകയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular