സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനു പുറമേ ഒരു മാഡം കൂടി എന്‍.ഐ.എ. തെരയുന്നു, ബ്യൂട്ടിപാര്‍ലര്‍ ഉടമ ഒളിവില്‍

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനു പുറമേ ഒരു സ്ത്രീയെക്കൂടി എന്‍.ഐ.എ. തെരയുന്നു. തലസ്ഥാനത്തെ ആഡംബര ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ”മാഡം” കേസിലെ സുപ്രധാനകണ്ണിയാണെന്നാണ് അന്വേഷണ ഏജന്‍സിയുടെ നിഗമനം. തെരച്ചില്‍ ആരംഭിച്ചതറിഞ്ഞ് ഇവര്‍ ഒളിവില്‍പോയി.

നഗരഹൃദയത്തിലെ ഇന്റര്‍നാഷണല്‍ യൂണിസെക്സ് ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീക്ക് സ്വര്‍ണക്കടത്തിലെ വമ്പന്മാരുമായി അടുത്തബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സിക്കു ലഭിച്ച വിവരം. നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ ഒന്നാംപ്രതി സന്ദീപ് നായര്‍, വിമാനത്താവളത്തില്‍ ജോലിചെയ്തിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുമായി ഇവര്‍ക്കു ബന്ധമുണ്ടെന്നു ഫോണ്‍ രേഖകളില്‍നിന്നു വ്യക്തമായി.

നയതന്ത്ര ബാഗേജ് വഴി എത്തിച്ചിരുന്ന സ്വര്‍ണം ജൂവലറികള്‍ക്കു വില്‍ക്കുന്നതില്‍ ഇവര്‍ക്കു പങ്കുണ്ട്. ഭരണരംഗത്തെ പ്രമുഖനുമായുള്ള സൗഹൃദം ഉന്നതബന്ധങ്ങള്‍ക്കു സഹായകമായി. സ്വപ്നയെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പരിചയപ്പെടാനിടയായത് ഈ ബ്യൂട്ടിപാര്‍ലര്‍ മുഖേനയാണെന്നും സൂചനയുണ്ട്. ഏഴുവര്‍ഷം മുമ്പ് തിരുവനന്തപുരം, നേമത്ത് ചെറിയകട നടത്തിയിരുന്ന ഇവരുടെ സാമ്പത്തികവളര്‍ച്ച പെട്ടെന്നായിരുന്നു.

തിരുവനന്തപുരം മലയിന്‍കീഴില്‍ കോടികള്‍ മുടക്കി പുതിയ വീടിന്റെ നിര്‍മാണം നടക്കുന്നു. ഒട്ടേറെയിടങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ബ്യൂട്ടിപാര്‍ലര്‍ രംഗത്തു മുന്‍പരിചയമില്ലാത്ത യുവതി ലക്ഷങ്ങള്‍ മുടക്കി തിരുവനന്തപുരം നഗരത്തില്‍ സ്ഥാപനമാരംഭിച്ചതു സ്വര്‍ണക്കടത്ത് ലോബിയുടെ സഹായത്തോടെയാണെന്നു സംശയിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular