സ്വപ്‌ന നല്‍കിയ മൊഴി മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ അന്വേഷണ സംഘത്തില്‍നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥനെ മാറ്റി

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് അടക്കമുള്ളവര്‍ പ്രതികളായ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തില്‍നിന്ന് കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍.എസ് ദേവിനെ മാറ്റി. കസ്റ്റംസിന് സ്വപ്‌ന നല്‍കിയ മൊഴിയുടെ പകര്‍പ്പ് മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണിത്.

ജനം ടി.വി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്കെതിരായ സ്വപ്‌നയുടെ മൊഴിയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇതോടെ ബിജെപി നേതൃത്വം പ്രതിരോധത്തിലായി. മൊഴി ചോര്‍ന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ അന്വേഷണ സംഘത്തില്‍നിന്ന് മാറ്റിയത്. മൊഴി ചോര്‍ന്നതില്‍ കേന്ദ്രവും അതൃപ്തി അറിയിച്ചുവെന്നാണ് സൂചന.

മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരുമായി ദീര്‍ഘകാല ബന്ധമുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തിയതായി വാര്‍ത്ത പുറത്തുവന്നിരുന്നു. അനില്‍ നമ്പ്യാരുമായി 2018 മുതല്‍ ബന്ധമുണ്ടെന്നാണ് അവര്‍ കസ്റ്റംസിനോട് പറഞ്ഞത്.

സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ട ദിവസം അനില്‍ നമ്പ്യാര്‍ തന്നെ വിളിച്ചിരുന്നു. സ്വര്‍ണം കൊണ്ടുവന്നത് ഡിപ്ലോമാറ്റിക് ബാഗില്‍ അല്ലെന്ന പ്രസ്താവന ഇറക്കണമെന്ന് കോണ്‍സുലേറ്റ് ജനറലിനോട് ആവശ്യപ്പെടാന്‍ അന്ന് നിര്‍ദ്ദേശിച്ചു. അറ്റ്ലസ് രാമചന്ദ്രന്‍ ദുബായില്‍ ജയിലിലായ സമയത്താണ് അനില്‍ നമ്പ്യാരുമായി പരിചയപ്പെടുന്നതെന്ന് സ്വപ്ന സുരേഷ് പറയുന്നു. ദുബായില്‍ ഒരു വഞ്ചനാക്കേസ് നിലനില്‍ക്കുന്നതിനാല്‍ അറസ്റ്റ് ഭയന്ന് അനില്‍ നമ്പ്യാര്‍ക്ക് ഇവിടേക്ക് വരാന്‍ സാധിക്കുമാരുന്നില്ല.

അറ്റ്ലസ് രാമചന്ദ്രനുമായി ഇന്റര്‍വ്യൂ നടത്തുന്നതിനായി അനില്‍ നമ്പ്യാര്‍ക്ക് യുഎഇയിലേക്ക് പോകേണ്ടതുമുണ്ടായിരുന്നു. എന്നാല്‍ കേസ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അത് സാധിക്കുമായിരുന്നില്ല. അതിനാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഈയൊരു കാര്യത്തിന് വേണ്ടി രണ്ട് വര്‍ഷം മമ്പ് അനില്‍ നമ്പ്യാര്‍ സരിത്തിനെ വിളിച്ചിരുന്നു. സരിത്ത് തന്നെ വിളിക്കുകയും വിഷയം താന്‍ വഴി കോണ്‍സുലേറ്റ് ജനറലിന് മുമ്പിലെത്തിക്കുകയുമായിരുന്നു. കോണ്‍സുലേറ്റ് ജനറലാണ് ദുബായിലെ തന്റെ സ്വാധീനം ഉപയോഗിച്ച് അനില്‍ നമ്പ്യാര്‍ക്ക് വേണ്ടി പ്രശ്നങ്ങള്‍ ഉണ്ടാകാതെ നോക്കിയത്.

ഇതിന്റെ നന്ദി അറിയിക്കാനായി 2018-ല്‍ താജ് ഹോട്ടലില്‍ വെച്ച് അനില്‍ നമ്പ്യാര്‍ തനിക്ക് അത്താഴവിരുന്ന് നല്‍കിയെന്നും ഒരുമിച്ച് മദ്യം കഴിച്ചുവെന്നും സ്വപ്ന കസ്റ്റംസിന് മൊഴി നല്‍കിയിരുന്നുവെന്നാണ് പുറത്തുവന്ന വിവരം.

Similar Articles

Comments

Advertismentspot_img

Most Popular