മിനിസ്‌ക്രീനിലെ തിരക്കേറിയ താരമാണ് പാലക്കാട് നിന്നും വിവാഹത്തോടെ തൊടുപുഴയിലെത്തിയ ദർശനയ്ക്ക് വീട് വലിയ നൊസ്റ്റാൾജിയയാണ്. പോയി വരാനുള്ള ദൂരത്താണെങ്കിലും പാലക്കാട്ടെ താൻ വളർന്ന വീട് ഏറെ മിസ് ചെയ്യാറുണ്ടെന്ന് ദർശന പറയുന്നു. ”വീട് എന്ന സ്വപ്നം പൂർണമാകുന്നത് വീടിനുള്ളിൽ എല്ലാവരും സന്തോഷത്തോടെ കഴിയുമ്പോഴാണ്. അക്കാര്യത്തിൽ ഞാൻ ഏറെ ഭാഗ്യവതിയാണ് പാലക്കാട് വീടും തൊടുപുഴയിലെ ഭർത്താവിന്റെ വീടും എന്നും എനിക്ക് സന്തോഷം മാത്രമാണ് നൽകുന്നത്” വീട് എന്ന സ്വപ്നത്തെക്കുറിച്ച് ദർശന ദാസ് മനസ് തുറക്കുന്നു.
ഒരു വീട് നമുക്ക് പ്രിയപ്പെട്ടതാകുന്നത് ഓർമകളുടെ കൂടി അടിസ്ഥാനത്തിലാണ്. അവിടെ വീടിന്റെ വലുപ്പത്തിനല്ല, താമസിക്കുന്ന വ്യക്തികളുടെ ഇഴയടുപ്പത്തിനാണ് പ്രാധാന്യം. പാലക്കാട് ജില്ലയിലെ എന്റെ വീടിനോട് പ്രത്യേക സ്നേഹമാണ്. അച്ഛനും അമ്മയും രണ്ട് ചേച്ചിമാരും അടങ്ങുന്നതാണ് എന്റെ കുടുംബം. അവർ കല്യാണം കഴിഞ്ഞതോടെ ഞാൻ വീട്ടിൽ ഒറ്റയ്ക്കായി. എന്നാലും ഇടക്കിടയ്ക്കുള്ള ഒത്തു ചേരലുകളും സന്തോഷവുമെല്ലാം ആ വീടിനെ സംബന്ധിച്ച ഏറ്റവും മികച്ച ഓർമകളിൽ ചിലതാണ്. ആ വീട്ടിൽ നിന്നും എനിക്ക് കിട്ടിയിട്ടുള്ള സംരക്ഷണം, ഉണ്ടായ നേട്ടങ്ങൾ അതെല്ലാം വേറെ ലെവൽ തന്നെയാണ്.
ഒരു സാധാരണ വീടാണ്. പണി കഴിഞ്ഞിട്ട് അധികം വർഷങ്ങളായിട്ടില്ല. പാലക്കാടൻ മാതൃകയിൽ തീർത്ത വീടുമല്ല. അത്യാവശ്യം എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു മോഡേൺ വീട്. അത്യാവശ്യം കുറച്ചു ചെടികളും മറ്റുമായി ആ വീട്ടിൽ ഞങ്ങൾ ഞങ്ങളുടേതായ സ്വർഗം തീർത്തു എന്നതാണ് വാസ്തവം.
വിവാഹം കഴിഞ്ഞു അനൂപിന്റെ വീടായ തൊടുപുഴയിൽ എത്തുമ്പോൾ ആദ്യം കുറച്ച് ടെൻഷനൊക്കെ ഉണ്ടായിരുന്നു. എന്നാൽ വീടിന്റെ അന്തരീക്ഷം ആ ടെൻഷനുകളെ ഇല്ലാതാക്കി. ആളുകളുമായി അടുത്തിടപഴകുന്നതിനും മറ്റും വീടിന്റെ അന്തരീക്ഷത്തിനും ചുറ്റുപാടിനും വലിയ സ്ഥാനമാണുള്ളത്. ഇപ്പോൾ തൊടുപുഴയിലെ വീടും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വരുമ്പോൾ മാത്രമാണ് എനിക്ക് പ്രശ്നമുള്ളത്. കാരണം തൊടുപുഴയിൽ നിന്നും കോട്ടയത്ത് പോയി, അവിടെ നിന്നും തിരുവനന്തപുരത്തേക്ക് പോകുക എന്നത് അത്ര എളുപ്പമല്ല. എന്നിരുന്നാലും ഈ സ്ഥലത്തോട് ഒരു പ്രത്യേക ഇഷ്ടമാണ്.
ഏതൊരു വ്യക്തിക്കും സ്വന്തം വീട് എന്ന് പറയുമ്പോൾ മനസ്സിൽ ഒരു ചിത്രമുണ്ടാകുമല്ലോ. എന്റെ മനസിലുള്ളതൊരു നാലുകെട്ടിന്റെ ചിത്രമാണ്. പണ്ട് മുതൽക്കേ ട്രഡീഷണൽ വീടുകളോട് ഒരു പ്രത്യേക താല്പര്യമാണ്. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു വീട് സ്വന്തമായി സ്വപ്നം കണ്ടു തുടങ്ങിയത്. വിവാഹശേഷം വീട് വയ്ക്കുന്ന കാര്യം ഞങ്ങൾ ചർച്ച ചെയ്തപ്പോൾ ശരിക്കും ഞെട്ടിയത് ഈ ഒരു കാര്യത്തിലാണ്. കാരണം എനിക്കും അനൂപിനും അക്കാര്യത്തിൽ ഒരു മനസ്സായിരുന്നു. രണ്ട് പേർക്കും ഒരേ താല്പര്യം തന്നെ. തൊടുപുഴയിൽ തന്നെയായിരിക്കും ഞങ്ങളുടെ സ്വപ്നവീട് പണിയുക. അതിനുള്ള നീക്കങ്ങൾ നടത്തി വരികയാണ്.
വീട് പണിയുമ്പോൾ ഒറ്റനിലമതി എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കാരണം വീടിനുള്ളിൽ എല്ലാവരും ഒന്നാണ് എന്ന തോന്നൽ വേണം. രണ്ടു നിലകളിൽ വീട് വച്ചാൽ കുറച്ചു പേർ മുകളിൽ, കുറച്ചു പേർ താഴെ എന്ന രീതിയിൽ പാർട്ടീഷൻ വരും. അതിനോട് എനിക്ക് താല്പര്യമില്ല. എല്ലാവരും ഒരുമിച്ചു താഴെ തന്നെ കൂടുന്നതല്ലേ അതിന്റെ രസം. നടുമുറ്റവും പൂന്തോട്ടവും ഒക്കെയുള്ള ഒരു നാലുകെട്ട്, അതിൽ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുന്ന കുടുംബാംഗങ്ങൾ അതാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട സ്വപ്നം.