നാളെ മുതല്‍ പഴയ നിരക്കില്‍ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും; തമ്പാനൂരില്‍നിന്ന് തല്‍ക്കാലം തുടങ്ങില്ല; അന്യ സംസ്ഥാനത്തേക്കുള്ള സര്‍വീസകളും ഇപ്പോള്‍ തുടങ്ങില്ല: ഗതാഗത മന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. 206 ദീര്‍ഘദൂര സര്‍വീസുകളാണ് ആരംഭിക്കുന്നത്. പഴയ നിരക്കിലായിരിക്കും സര്‍വീസ്. എന്നാല്‍ അന്യ സംസ്ഥാനത്തേക്ക് ഇപ്പോള്‍ യാത്ര ഉണ്ടാവില്ല. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സര്‍വീസുകള്‍ നടത്തുക.

കോവിഡ് രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഉണ്ടാകില്ല. പകരം തിരുവനന്തപുരത്തെ ആനയറയില്‍ നിന്നാകും താല്‍ക്കാലിക സംവിധാനം ഉണ്ടാവുകയെന്നും മന്ത്രി കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജനങ്ങള്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്ന നിലപാടിലെക്ക് ബസ് ഉടമകളും എത്തണം. ഇല്ലെങ്കില്‍ ഇരുചക്ര വാഹനങ്ങള്‍ കൂടും. സിറ്റിബസ്സുകള്‍ ഇല്ലാതാകും. ഇത് കെ.എസ്.ആര്‍.ടി.സിയേയും ഇല്ലാതാക്കും. പൊതുഗതാഗതം ഉണ്ടാവില്ല എന്ന നിലപാടിലക്ക് ജനങ്ങള്‍ എത്തിയെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇരുചക്ര വാഹനങ്ങളും യൂസ്ഡ് വാഹനങ്ങളും നിരത്തിലിറങ്ങുന്നത് കൂടിയത് ഇതിന്റെ ഉദാഹരണമാണ്.

യാത്രക്കാര്‍ ബസുകളെ ആശ്രയിക്കുക എന്ന രീതി കോവിഡ് കാലത്ത് കുറഞ്ഞു. കൂടുതല്‍ ആളുകള്‍ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കില്‍ കൂടിയും കെഎസ്ആര്‍ടിസി സര്‍വീസ് നടത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി വിശദീകരിച്ചു.

പരാമാവധി ചെയ്യാന്‍ കഴിയുന്ന കാര്യം സ്വകാര്യ ബസ്സുകള്‍ക്കായി ചെയ്ത് കൊടുത്തിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകള്‍ക്ക് നികുതി അടയ്ക്കാനുള്ള കാലാവധി രണ്ടു മാസത്തേക്ക് നീട്ടിയതായും നികുതി അടയ്ക്കുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular