സമയം രാത്രി 1.30. പെണ്‍കുട്ടിയായ എന്നെ അവിടെ ഒറ്റയ്ക്ക് വിട്ടു പോകാന്‍ അവര്‍ കൂട്ടാക്കിയില്ല.. എന്റെ സഹോദരന്‍ എത്തുന്ന ഒരു 57 മിനിറ്റ് വരെ അവര്‍ ബസ് നിര്‍ത്തിയിട്ടു.. ഞാന്‍ അവരോടു പൊയ്‌ക്കോളാന്‍ പറഞ്ഞെങ്കിലും എന്റെ സഹോദരന്‍ എത്തിയ ശേഷം എന്നെ അവനോടൊപ്പം സുരക്ഷിതമായി യാത്രയച്ചതിനു ശേഷമാണ് അവര്‍ ട്രിപ്പ് തുടര്‍ന്നത്..
മലയാളികളുടെ സ്വന്തം കെ.എസ്.ആര്‍.ടിസി.യെ കുറിച്ചാണ് ഈ കുറിപ്പ്. ഇതുകൊണ്ടൊക്കെയാണ് മലയാളികള്‍ക്ക് കെ.എസ്ആര്‍ടിസിയോടെ പ്രിയം ഏറുന്നതും. ചിലപ്പോഴൊക്കെ ആനവണ്ടി ഒരു വികാരമാണ്. ഇത്തരത്തിലുള്ള കുറിപ്പാണ് ആതിര ജയന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
പുലര്‍ച്ചെ ഒന്നരയ്ക്ക് വിജനമായ സ്ഥലത്ത് ഇറങ്ങേണ്ടി വന്ന പെണ്‍കുട്ടിയുടെ സഹോദരന്‍ വരുന്നത് വരെ ആ ബസും യാത്രക്കാരും അവള്‍ക്ക് കൂട്ടായി നിലയുറപ്പിച്ചു. ഒടുവില്‍ സഹോദരന്‍ എത്തിയ ശേഷമാണ് ബസ് യാത്രതുടര്‍ന്നത്. പെണ്‍കുട്ടി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നന്‍മ വറ്റാത്ത ആ കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും എങ്ങും അഭിന്ദനപ്രവാഹമാണ് ഇപ്പോള്‍.
പുലര്‍ച്ചെ കൊല്ലം ചവറ ശങ്കരമംഗലത്തെ സ്‌റ്റോപ്പിലിറങ്ങിയ യാത്രക്കാരിയെ കൂട്ടിക്കൊണ്ടുപോകാന്‍ സഹോദരന്‍ എത്തുന്നതുവരെയാണു കണ്ടക്ടര്‍ പി.ബി. ഷൈജുവും െ്രെഡവര്‍ കെ. ഗോപകുമാറും മറ്റു യാത്രക്കാരും ഏഴു മിനിട്ടോളം കൂട്ടുനിന്നത്. കോയമ്പത്തൂരില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള സൂപ്പര്‍ ഫാസ്റ്റില്‍, ജോലിസ്ഥലമായ അങ്കമാലി അത്താണിയില്‍നിന്നു രാത്രി 9.30നു ബസില്‍ കയറിയതായിരുന്നു യുവതി. ഇരുചക്രവാഹനത്തിലെത്തേണ്ട സഹോദരന്‍ മഴ കാരണം വൈകിയതിനാലാണു സ്‌റ്റോപ്പിലിറങ്ങിയപ്പോള്‍ കാത്തിരിക്കേണ്ടിവന്നത്.
ആതിര ജയന്‍ എന്ന പേരിലെഴുതിയ കുറിപ്പ് സമൂഹമാധ്യമത്തില്‍ ഏറെ പങ്കുവയ്ക്കപ്പെട്ടതോടെ, തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ജീവനക്കാരായ ഷൈജുവിനെയും ഗോപകുമാറിനെയും തേടി അഭിനന്ദനങ്ങളുടെ പ്രവാഹമായി. തിരുവനന്തപുരം ജില്ലാ ട്രാന്‍സ്‌പോര്‍ട് ഓഫിസറും ഉന്നത ഉദ്യോഗസ്ഥരും ഫോണില്‍ അഭിനന്ദനമറിയിച്ചു. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരിയും ഇരുവര്‍ക്കും അഭിനന്ദനക്കുറിപ്പു നല്‍കി. കായംകുളം ഗോവിന്ദമുട്ടം സ്വദേശിയാണു ഷൈജു. ഗോപകുമാര്‍ കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയാണ്.
ആതിര ജയന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ…
ഞാന്‍ കെഎസ്ആര്‍ടിസിയില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന ഒരാളാണ്.. പക്ഷെ ഇങ്ങനെയൊരു അനുഭവം ആദ്യമായാണ് കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നും ഉണ്ടായത്.. കഴിഞ്ഞ ശനിയാഴ്ച (02/06/2018) രാത്രി എന്റെ ജോലി സ്ഥലമായ എറണാകുളത്തു നിന്നും കൊല്ലത്തേക്ക് വരികയുണ്ടായി.. കൊല്ലത്തു എത്തിയപ്പോള്‍ ഏകദേശം രാത്രി 1.30 ആയിരുന്നു.. മഴ ഉണ്ടായിരുന്നത് കാരണം എന്റെ സഹോദരന്‍ വിളിക്കാന്‍ വരാന്‍ കുറച്ചു വൈകിപോയി.. എന്നാല്‍ അന്നത്തെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ എന്നെ അവിടെ ഒറ്റക്ക് വിട്ടു പോകാന്‍ കൂട്ടാക്കിയില്ല.. എന്റെ സഹോദരന്‍ എത്തുന്ന ഒരു 57 മിനിറ്റ് വരെ അവര്‍ ബസ് നിര്‍ത്തിയിട്ടു.. ഞാന്‍ അവരോടു പൊയ്‌ക്കോളാന്‍ പറഞ്ഞെങ്കിലും എന്റെ സഹോദരന്‍ എത്തിയ ശേഷം എന്നെ അവനോടൊപ്പം സുരക്ഷിതമായി യാത്രയച്ചതിനു ശേഷമാണ് അവര്‍ ട്രിപ്പ് തുടര്‍ന്നത്.. ആ ഒരു സാഹചര്യത്തില്‍ എനിക്കവരോട് ഒരു നന്ദിവാക്കു പോലും പറയാന്‍ കഴിഞ്ഞില്ല.. അന്നു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും അതില്‍ യാത്ര ചെയ്തിരുന്ന മറ്റുള്ള യാത്രക്കാരോടും എന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു..
എന്ന് ആതിര ജയന്‍ ..