വെറും അഞ്ച് മണിക്കൂര്‍ കൊണ്ട് ഫ്രാന്‍സില്‍നിന്നും ഇന്ത്യയിലെത്തേണ്ട റഫാല്‍ വിമാനങ്ങള്‍ മൂന്ന് ദിവസമെടുത്തതിന് കാരണം..

മണിക്കൂറില്‍ 1380 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ കഴിയുന്ന റഫാല്‍ വിമാനം ഇന്ത്യയിലെത്താന്‍ 3 ദിവസമെടുക്കുന്നത് എന്തുകൊണ്ട്? ഫ്രാന്‍സില്‍നിന്നുള്ള ആകാശദൂരം 7000 കിലോമീറ്റര്‍ ആണെന്നിരിക്കെ, പരമാവധി വേഗമാര്‍ജിച്ചു പറന്നാല്‍ 5 മണിക്കൂര്‍ കൊണ്ട് ഇന്ത്യയിലെത്താം. എന്നാല്‍, ഇത്തരം ദീര്‍ഘദൂര യാത്രകളില്‍ യുദ്ധവിമാനങ്ങള്‍ പരമാവധി വേഗമെടുക്കില്ല. ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാന്‍ അനുഗമിക്കുന്ന ടാങ്കര്‍ വിമാനത്തിനൊപ്പം വേഗം കുറച്ചാണു പറക്കുക.

ഫ്രാന്‍സില്‍നിന്ന് അബുദാബിയിലേക്കുള്ള 4500 കിലോമീറ്റര്‍ ദൂരം അഞ്ചര മണിക്കൂറിലാണു റഫാല്‍ പറന്നെത്തിയത്. സമയക്രമത്തിലുള്ള മാറ്റത്തോടു പൊരുത്തപ്പെടാനാണ് അബുദാബിയില്‍ ഒരു ദിവസത്തെ പൂര്‍ണവിശ്രമം പൈലറ്റുമാര്‍ക്ക് അനുവദിച്ചത്. അവിടെ കോവിഡ് പരിശോധനയ്ക്കും അവരെ വിധേയരാക്കി.

യാത്രാവിമാനങ്ങളെ അപേക്ഷിച്ചു യുദ്ധവിമാനങ്ങളുടെ ഇന്ധന സംഭരണശേഷി വളരെ കുറവാണ്. റഫാലിന്റെ ഇന്ധനശേഷി ഏകദേശം 5000 ലീറ്ററാണ്. ബോയിങ് 747 യാത്രാവിമാനത്തിന്റേത് 2.38 ലക്ഷം ലീറ്റര്‍.

9.3 ടൺ ആയുധങ്ങൾ വഹിക്കാവുന്ന റഫാലിൽ മീറ്റിയോർ ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ ടു എയർ മിസൈലും സ്കാൽപ് എയർ ടു ഗ്രൗണ്ട് ക്രൂസ് മിസൈലും സജ്ജമാക്കും. ആകാശത്തും കരയിലുമുള്ള ലക്ഷ്യങ്ങളെ തകർക്കാൻ കെൽപുള്ള മിസൈലുകളാണിവ. 59,000 കോടി രൂപയ്ക്ക് ആകെ 36 വിമാനങ്ങളാണു ഫ്രാൻസിൽ നിന്ന് വാങ്ങുന്നത്. അടുത്ത വർഷം അവസാനത്തോടെ 36 എണ്ണവും ലഭിക്കുമെന്നു ഫ്രാൻസിലെ ഇന്ത്യൻ എംബസി അറിയിച്ചു.

അതേസമയം ഫ്രാൻസിൽ നിന്നുള്ള റഫാൽ യുദ്ധവിമാനങ്ങൾ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലിറങ്ങി. അഞ്ചു വിമാനങ്ങളാണ് വ്യോമതാവളത്തിലിറങ്ങിയത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ റഫാലിനെ സ്വീകരിക്കാൻ അംബാലയിലെത്തിയിരുന്നു. ഗുജറാത്ത് വഴിയാണ് റഫാലുകൾ ഇന്ത്യയിലേക്കു കടന്നത്. സുഖോയ് 30 യുദ്ധവിമാനങ്ങൾ റഫാലുകളെ അനുഗമിക്കുന്നുണ്ട്.

റഫാല്‍ വിമാനങ്ങളെ അനുഗമിച്ച ഫ്രഞ്ച് വ്യോമസേനയുടെ എ330 ഫീനിക്‌സ് എംആര്‍ടിടി ടാങ്കര്‍ വിമാനങ്ങളില്‍ ഒന്നില്‍ ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തെ സഹായിക്കാനായി 70 വെന്റിലേറ്ററുകള്‍, ഒരുലക്ഷം ടെസ്റ്റ് കിറ്റുകള്‍ എന്നിവയ്‌ക്കൊപ്പം 10 ആരോഗ്യവിദഗ്ധരും എത്തിയിട്ടുണ്ടെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രാലയം അറിയിച്ചു.

അബുദാബിയിലെ അൽദഫ്ര വ്യോമതാവളത്തില്‍ നിന്നു രാവിലെയാണ് വിമാനങ്ങൾ പുറപ്പെട്ടത്. ഫ്രാൻസിലെ മെറിനിയാക് വ്യോമതാവളത്തിൽനിന്ന് തിങ്കളാഴ്ച രാത്രിയാണ് വിമാനങ്ങൾ അബുദാബി വ്യോമതാവളത്തിലെത്തിയത്. ഇന്നലെ അവിടെ തങ്ങുകയായിരുന്നു. 2700 കിലോമീറ്റർ യാത്ര ചെയ്ത് പാക്ക് വ്യോമപാത ഒഴിവാക്കി ഗുജറാത്തിലൂടെയാണ് വിമാനങ്ങൾ ഇന്ത്യയിലേക്കെത്തിയത്.

അംബാലയിലെ 17–ാം സ്ക്വാഡ്രണിന്റെ കമാൻഡിങ് ഓഫിസർ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർകീരത് സിങ്ങിന്റെ നേതൃത്വത്തിലുള്ള 7 പൈലറ്റുമാരാണു വിമാനങ്ങൾ പറപ്പിക്കുന്നത്. കോട്ടയം സ്വദേശി വിങ് കമാൻഡർ വിവേക് വിക്രമും സംഘത്തിലുണ്ട്. ഫ്രാൻസിലെ മെറിനിയാക് വ്യോമതാവളത്തിൽ നിന്ന് അബുദാബി വരെയുള്ള യാത്രയിൽ അനുഗമിച്ച ഫ്രഞ്ച് വ്യോമസേനയുടെ ടാങ്കർ വിമാനങ്ങൾ ആകാശത്തുവച്ച് റഫാലിൽ ഇന്ധനം നിറച്ചിരുന്നു. അംബാലയിലേക്കുള്ള യാത്രയ്ക്കിടെ ഒപ്പം ചേരുന്ന ഇന്ത്യൻ വ്യോമസേനയുടെ ടാങ്കർ വിമാനങ്ങളും ഇന്ധനം നിറച്ചു.

സ്വന്തം പേരു സൂചിപ്പിക്കുന്ന അക്ഷരങ്ങൾ രേഖപ്പെടുത്തിയ വിമാനങ്ങൾ സ്വീകരിക്കാനുള്ള അപൂർവ ഭാഗ്യമാണ് ആർ.കെ.എസ്. ഭദൗരിയയ്ക്കു ലഭിച്ചത്. റഫാൽ കരാർ യാഥാർഥ്യമാക്കുന്നതിൽ ഭദൗരിയയുടെ പങ്കു കണക്കിലെടുത്ത് വിമാനത്തിന്റെ ടെയിൽ നമ്പറിൽ (വിമാനത്തിന്റെ വാലിൽ രേഖപ്പെടുത്തിയ തിരിച്ചറിയൽ നമ്പർ) അദ്ദേഹത്തിന്റെ പേരിലെ രണ്ടക്ഷരങ്ങൾ ചേർത്ത് ‘ആർബി’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

വ്യോമസേനയുടെ 17–ാം നമ്പർ സ്ക്വാഡ്രൻ (ഗോൾഡൻ ആരോസ്) ആണു റഫാലിനായി അംബാലയിൽ സജ്ജമാക്കുക. മിസൈലുകൾ അടക്കം ഘടിപ്പിച്ച റഫാലുകളുടെ സ്ക്വാഡ്രൻ ഓഗസ്റ്റ് രണ്ടാം പകുതിയോടെ പ്രവർത്തനക്ഷമമാകും. സംഘർഷം നിലനിൽക്കുന്ന ഇന്ത്യ – ചൈന അതിർത്തിയിലായിരിക്കും ആദ്യ ദൗത്യം. സേനയുടെ 12 പൈലറ്റുമാർ ഫ്രാൻസിൽ പരിശീലനം പൂർത്തിയാക്കി.

follow us: PATHRAM ONLINE LATEST NEWS
rafale-jets-in-india

Similar Articles

Comments

Advertismentspot_img

Most Popular