ആലപ്പുഴ: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സെമിത്തേരികളില്‍ ദഹിപ്പിക്കാന്‍ ആലപ്പുഴ രൂപത. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ അഭ്യര്‍ഥന പരിഗണിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനമെടുത്തതെന്ന് ബിഷപ്പ് ജയിംസ് ആനാപറമ്പില്‍ രൂപതാംഗങ്ങള്‍ക്കുള്ള സര്‍ക്കുലറില്‍ അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ സാധാരണരീതിയിലുള്ള സംസ്‌കാര കര്‍മം സെമിത്തേരിയില്‍ നടത്തുന്നത് പ്രയാസകരമാണെന്നും സര്‍ക്കാര്‍ നടപടികള്‍ക്കു ശേഷം അതാത് ഇടവക സെമിത്തേരികളില്‍ മൃതദേഹം ദഹിപ്പിക്കല്‍ വഴി സംസ്‌കരിക്കണമെന്നും ബിഷപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു. ഇതിനായി ശരീരം ദഹിപ്പിക്കുന്നതിനുള്ള മൊബൈല്‍ ക്രിമേഷന്‍ യൂണിറ്റുകള്‍ ഉപയോഗിക്കണം.
ശവദാഹത്തിനുള്ള കേന്ദ്രങ്ങള്‍ സമീപപ്രദേശത്തുണ്ടെങ്കില്‍ അവിടെ ദഹിപ്പിച്ച് ഭസ്മം സെമിത്തേരിയിലെത്തിച്ച് അന്തിമോപചാര ക്രമം പാലിച്ച് അടക്കംചെയ്യണം. ഭസ്മം വീടുകളില്‍ സൂക്ഷിക്കുകയോ ഒഴുക്കിക്കളയുകയോ ചെയ്യരുതെന്നും വിശ്വസികള്‍ക്കുള്ള ബിഷപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു.
കോവിഡ് മഹാമാരി സാമൂഹ്യവ്യാപനത്തിലൂടെ പടരുന്നതായി ബോധ്യപ്പെട്ടതിനാല്‍ കോവിഡ് പ്രതിരോധത്തെക്കുറിച്ച് ഇടവക സംവിധാനത്തിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.