ഗവര്‍ണര്‍ വിളിച്ചു; യെദ്യൂരപ്പ ഇന്ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യും

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമോ അതോ രാഷ്ട്രപതി ഭരണമോ ഇടക്കാല തിരഞ്ഞെടുപ്പോ തുടങ്ങിയ ആശയക്കുഴപ്പങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ ഇന്ന് വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും

വൈകീട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി ലഭിച്ചതായി ഗവര്‍ണറെ കണ്ട ശേഷം യെദ്യൂരപ്പ പറഞ്ഞു. സര്‍ക്കാര്‍ രൂപവത്കരിക്കുന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വം അനുമതി നല്‍കാതെ നീട്ടിക്കൊണ്ടുപോകുന്നതിനിടെ അപ്രതീക്ഷിതമായാണ് യെദ്യൂരപ്പയുടെ നീക്കം.

കുമാരസ്വാമി സര്‍ക്കാരിനെ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയതിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്താന്‍ ജഗദീഷ് ഷെട്ടാറുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ നേതാക്കള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയിരുന്നു.

ഇന്ന് 12.30-ന് സത്യപ്രതിജ്ഞ വേണമെന്നാണ് യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലെയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വൈകീട്ട് ആറ് മണിക്കാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്.. താന്‍ നിലവില്‍ പ്രതിപക്ഷ നേതാവാണ്. അത് കൊണ്ട് തന്നെ നിയമസഭാ പാര്‍ട്ടി യോഗം വിളിച്ച് ചേര്‍ക്കേണ്ട ആവശ്യമില്ലെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിസഭയില്‍ ആരെല്ലാം ഉണ്ടാകുമെന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് വ്യക്തതയില്ല. തിടുക്കം പിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസ്, ജെഡിഎസ് വിമത എംഎല്‍എമാരുടെ അയോഗ്യത നടപടികള്‍ സ്പീക്കര്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് മതി സര്‍ക്കാര്‍ രൂപീകരണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.

വിമതരില്‍ മൂന്ന് പേരെ വ്യാഴാഴ്ച സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ രമേശ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തഹള്ളി എന്നിവരേയും സ്വതന്ത്രന്‍ എന്ന് അവകാശപ്പെട്ടിരുന്ന ആര്‍.ശങ്കറിനേയുമാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. മറ്റുള്ളവരുടെ കാര്യത്തില്‍ നടപടികള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ബിജെപിയുടെ പൊതുനിലപാട് അനുസരിച്ച് 76 വയസ്സിലെത്തിയ യെദ്യൂരപ്പയ്ക്ക് പ്രായം കണക്കിലെടുക്കുമ്പോള്‍ മുഖ്യമന്ത്രിയാകാന്‍ കഴിയില്ല. എന്നാല്‍ കര്‍ണാടകത്തില്‍ ബിജെപിക്കുള്ളില്‍ യെദ്യൂരപ്പയ്ക്കുള്ള സ്വാധീനം അവഗണിക്കാന്‍ കേന്ദ്രനേതൃത്വത്തിനും കഴിയില്ല. അതാണ് തീരുമാനം വൈകിച്ചത്.

ഇതോടൊപ്പം ഇടക്കാല തിരഞ്ഞെടുപ്പ് നടത്തി തിളക്കമാര്‍ന്ന വിജയത്തോടെ വീണ്ടും അധികാരത്തിലെത്താന്‍ കഴിയുമെന്ന് കേന്ദ്രനേതൃത്വം കണക്കുകൂട്ടുന്നു. അതിനൊപ്പം അയോഗ്യതാ നടപടികളുടെ തീരുമാനം വരുന്നത് വരെ രാഷ്ട്രപതി ഭരണം എന്ന നിര്‍ദേശവും പരിഗണനയിലുണ്ടായിരുന്നു. കേന്ദ്രനേതൃത്വത്തിന്റെ അനുമതി ലഭിച്ചതിന് ശേഷമാണോ യെദ്യൂരപ്പ ഗവര്‍ണറെ കാണാന്‍ പുറപ്പെട്ടത് എന്ന് വ്യക്തമല്ല.

Similar Articles

Comments

Advertismentspot_img

Most Popular