തിരുവനന്തപുരം: ഇനി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഇറങ്ങി ബസിൽ നിന്നു ഭക്ഷണവും വാങ്ങി വീട്ടിൽ പോകാം. കോർപറേഷന്റെ പുതിയ പദ്ധതി ‘കെഎസ്ആർടിസി സേഫ് ടു ഈറ്റ്’ വൈകാതെ തുടങ്ങും. 92 ഡിപ്പോകളിലും കാലാവധി കഴിഞ്ഞ ബസുകൾ കടകളാക്കി മാറ്റി സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ ഉൽപാദിപ്പിക്കുന്ന ആഹാര സാധനങ്ങൾ വിൽക്കും.
ഹോർട്ടികോർപിന്റെ പച്ചക്കറി കിറ്റ്, കെപ്കോയുടെ ചിക്കൻ, ജയിൽ ചപ്പാത്തി, മത്സ്യഫെഡിന്റെ മത്സ്യം, വനംവകുപ്പിന്റെ തേൻ ഉൾപ്പെടെയുള്ള വിഭവങ്ങൾ, മിൽമ പാൽ, മീറ്റ് പ്രോഡകട്സ് ഓഫ് ഇന്ത്യയുടെ ഉൽപന്നങ്ങൾ, കുടുംബശ്രീകളുടെ ഉൽപന്നങ്ങൾ തുടങ്ങിയവയാണു വിൽപനയ്ക്ക് ഉദ്ദേശിക്കുന്നത്. നഗരത്തിന്റെ സാധ്യതയനുസരിച്ചു ഡിപ്പോകളിൽ എത്ര ബസുകൾ ഇത്തരത്തിൽ ഷോപ്പുകളാക്കി മാറ്റണമെന്നു തീരുമാനിച്ച് അവ ലേലം ചെയ്തു നൽകും.
150 ബസുകൾ തുടക്കത്തിൽ ഇങ്ങനെ മാറ്റുമെന്നു എംഡി: ബിജു പ്രഭാകർ അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട് , കൊച്ചി ഡിപ്പോകളികളിൽ ഓന്നോ രണ്ടോ ബസ് ഹോട്ടലാക്കി മാറ്റുന്നതിനും ഉദ്ദേശിക്കുന്നു. രണ്ടാം ഘട്ടത്തിൽ ബസിൽ പലചരക്ക് വ്യാപാരവും ആലോചിക്കുന്ന ഷോപ്പ് ഓൺ വീൽ പദ്ധതി മോട്ടർ വാഹന വകുപ്പിന്റെ അനുമതി ലഭിച്ചാലുടൻ തുടങ്ങും. ഇത് നഗരം ചുറ്റി സാധനം വിൽക്കും.