മൂര്‍ഖന്‍ പാമ്പിനെയെടുത്ത് നേരിട്ട് ഉത്രയുടെ കൈത്തണ്ടയില്‍ കൊത്തിച്ച് കൊലപ്പെടുത്തിയതിന് തെളിവ്

കൊട്ടാരക്കര: മൂര്‍ഖന്‍ പാമ്പിനെയെടുത്ത് നേരിട്ട് ഉത്രയുടെ കൈത്തണ്ടയില്‍ കൊത്തിച്ച് കൊലപ്പെടുത്തിയതിന് ശാസ്ത്രീയ തെളിവായി പാമ്പിന്റെ ഡിഎന്‍എ പരിശോധനാ ഫലം. ഉത്രയുടെ മുറിവുകളില്‍ അല്ലാതെ ശരീരത്തിലോ വസ്ത്രങ്ങളിലോ പാമ്പിന്റെ ഡിഎന്‍എ സാന്നിധ്യമില്ല. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയിലെ പരിശോധനാ റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍.

പഴച്ചാറില്‍ ഉറക്കഗുളികകള്‍ നല്‍കി മയക്കിയ ശേഷം ഭര്‍ത്താവ് സൂരജ് പ്ലാസ്റ്റിക് ടിന്നില്‍ കരുതിയ മൂര്‍ഖന്‍ പാമ്പിനെ ഉത്രയുടെ ഇടതു കയ്യില്‍ നേരിട്ട് കൊത്തിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട്. ഇത് ശരിവയ്ക്കുന്നതാണ് ഡിഎന്‍എ ഫലം. രണ്ട് തവണയാണ് പാമ്പ് കൊത്തിയത്. ഇടതു കൈത്തണ്ടയിലാണ് മുറിവുകള്‍. കൊത്തിച്ച ശേഷം പാമ്പിനെ പ്ലാസ്റ്റിക് ടിന്നിലാക്കാനുള്ള സൂരജിന്റെ ശ്രമം പാളി. പാമ്പ് സൂരജിന് നേരെ ചീറിയടുത്തു. ഇതോടെ പാമ്പിനെ മുറിയുടെ മൂലയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഉത്രയുടെ സഹോദരനാണ് പിന്നീട് പാമ്പിനെ കൊന്ന് കുഴിച്ചിട്ടത്.

ഉത്ര ധരിച്ചിരുന്ന വസ്ത്രങ്ങളും കിടക്കവിരിയും ഉള്‍പ്പെടെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കി. പാമ്പിന്റെ ഡിഎന്‍എയും മുറിവിലെ ഡിഎന്‍എയും ഒന്നാണെന്ന് നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റാണ് ഉത്ര മരിച്ചതെന്നും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഡിഎന്‍എ അന്തിമ പരിശോധന ഫലം പൊലീസിന് ലഭിച്ചത്. റിപ്പോര്‍ട്ടുകളെല്ലാം പ്രോസിക്യൂഷന് അനുകൂലമാണ്.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7