മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത് കഴിഞ്ഞ നവംബർ മുതൽ വിഷാദത്തിനു ചികിത്സയിലായിരുന്നെന്ന് ഡോക്ടർമാർ. മനോരോഗ വിദഗ്ധരായ 4 ഡോക്ടരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. നടന്റെ ഫ്ലാറ്റിൽ നിന്ന് വിഷാദരോഗത്തിനുള്ള മരുന്നുകളും ചികിത്സാ കുറിപ്പടികളും കണ്ടെത്തിയിരുന്നെങ്കിലും ആദ്യമായാണു ഡോക്ടർമാരുടെ മൊഴി വിശദമായി രേഖപ്പെടുത്തുന്നത്.
സിനിമാ നിരൂപകൻ രാജീവ് മസൻദിന്റെ മൊഴിയും എടുത്തു. യഷ്‌രാജ് ഫിലിംസ് ഉടമയും നടി റാണി മുഖർജിയുടെ ഭർത്താവുമായ ആദിത്യ ചോപ്രയെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ബോളിവുഡിനെ വൻകിട നിർമാതാക്കളിൽ ഒരാളാണ് ഇദ്ദേഹം. സിനിമാ രംഗത്തെ ലോബികൾ ഒതുക്കാൻ ശ്രമിച്ചതാണ് സുശാന്തിന്റെ വിഷാദത്തിനു കാരണമായതെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്തത്.
ഇതുവരെ 40 പേരുടെ മൊഴിയാണു രേഖപ്പെടുത്തിയിരിക്കുന്നത്. കേസ് സിബിഐയ്ക്കു കൈമാറണമെന്ന് നടിയും സുശാന്തിന്റെ കാമുകിയുമായ റിയ ചക്രവർത്തി ആവശ്യപ്പെട്ടതിനു പിന്നാലെ മുംബൈ പൊലീസ് അന്വേഷണം വേഗത്തിലാക്കിയിട്ടുണ്ട്.