വാഷിങ്ടന്‍: കോവിഡ് പ്രതിരോധ വാക്‌സിന്‍ ചൈന ആദ്യം നിര്‍മിച്ചാല്‍ യുഎസ് ചൈനയുമായി സഹകരിക്കുമോ? മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസിന് ഉപകാരപ്പെടുമെങ്കില്‍ ആരുമായും ചേര്‍ന്നുപ്രവര്‍ത്തിക്കുന്നതിന് തയാറാണെന്നായിരുന്നു പ്രസിഡന്റിന്റെ മറുപടി. കോവിഡ് മരുന്ന്, വാക്‌സിന്‍ വികസനത്തില്‍ യുഎസ് മികച്ച പുരോഗതിയാണ് കൈവരിച്ചിരിക്കുന്നതെന്നും ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു.
യുഎസ് വികസിപ്പിക്കുന്ന വാക്‌സിന്‍ പ്രതീക്ഷിച്ചതിലും നേരത്തെ എത്തുമെന്നും വിതരണത്തിന് യുഎസ് സൈന്യം സഹായിക്കുകയും ചെയ്യുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ കമ്പനി മൊഡേണയുടെ കോവിഡ് വാക്‌സിന്‍ ആദ്യഘട്ട പരീക്ഷണം വിജയകരമായതായി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. കുത്തിവയ്‌പെടുത്ത 18 55 വയസ്സുകാരായ 45 പേരില്‍ വൈറസിനെ പ്രതിരോധിക്കുന്നതിന് ആവശ്യമായ ആന്റിബോഡി ഉല്‍പാദിപ്പിച്ചു. എംആര്‍എന്‍എ1273 എന്നു പേരിട്ടിരിക്കുന്ന വാക്‌സിന്‍ ചെറിയ പാര്‍ശ്വഫലങ്ങളുണ്ടാക്കിയതായും കമ്പനി അറിയിച്ചു.
അതേസമയം, ചൈന വികസിപ്പിക്കുന്ന കോവിഡ്19 വാക്‌സിന്‍ സുരക്ഷിതമാണെന്നും കുത്തിവയ്‌പെടുത്തവര്‍ പ്രതിരോധശേഷി കൈവരിക്കുന്നുണ്ടെന്നും രണ്ടാം ഘട്ട പരീക്ഷണത്തില്‍ കണ്ടെത്തി. എന്നാല്‍, പരീക്ഷണത്തില്‍ പങ്കെടുത്ത ആരെയും വാക്‌സിനേഷനു ശേഷം കൊറോണ വൈറസുമായി സമ്പര്‍ക്കത്തിലാകാന്‍ അനുവദിച്ചിട്ടില്ലെന്നും ഗവേഷകര്‍ പറഞ്ഞു. രണ്ടാം ഘട്ട പരീക്ഷണത്തില്‍ 508 പേരാണ് പങ്കെടുത്തത്. ഉയര്‍ന്ന ഡോസ് നല്‍കിയവരില്‍ 95 ശതമാനവും കുറഞ്ഞ ഡോസ് നല്‍കിയവരില്‍ 91 ശതമാനവും പ്രതിരോധശേഷി കൈവരിച്ചു.
ലോകത്താകെ കൊറോണ വൈറസ് പടര്‍ത്തിയതിനു പിന്നില്‍ ചൈനയാണെന്നാണ് യുഎസ് ആരോപണം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചൈനയിലെ വുഹാനിലാണ് കോവിഡ് ആദ്യം സ്ഥിരീകരിച്ചത്. ‘ചൈനീസ് വൈറസ്’ എന്നാണ് ട്രംപ് പല സന്ദര്‍ഭങ്ങളിലും കൊറോണ വൈറസിനെ വിശേഷിപ്പിക്കുന്നത്. വൈറസ് ബാധ മറച്ചുവയ്ക്കുന്നതിന് ചൈനയെ സഹായിച്ചെന്ന ആരോപണവുമായി ലോകാരോഗ്യ സംഘടനയ്‌ക്കെതിരെയും യുഎസ് പ്രസിഡന്റ് രംഗത്തെത്തിയിരുന്നു.