‘കോവിഡ് യുദ്ധത്തിൽ യുഎസ് നല്ല നിലയിൽ; ഇന്ത്യയിൽ ഭയങ്കര പ്രശ്നം’

വാഷിങ്ടൻ : വലിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് മഹാമാരിക്കെതിരെ യുഎസ് മികച്ച പോരാട്ടമാണു നടത്തുന്നതെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ ഭയങ്കരമായ പ്രശ്നത്തിലാണെന്നും ചൈനയിൽ വലിയ തോതിൽ കൊറോണ വൈറസ് തിരിച്ചു വരികയാണെന്നും ട്രംപ് പറഞ്ഞു.

‘മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്നാണു ഞാൻ കരുതുന്നത്. മറ്റേതൊരു രാജ്യത്തേക്കാളും നന്നായിട്ടാണു ചെയ്തത്. ശരിക്കു നോക്കിയാൽ, പ്രത്യേകിച്ചും രണ്ടാം തരംഗത്തിൽ പല രാജ്യങ്ങളിലും കൂടുതലായി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഈ സമയത്ത് എന്താണിവിടെ നടക്കുന്നതെന്നു മനസ്സിലാകും. ഇന്ത്യയേക്കാളും ചൈനയേക്കാളും കേസുകൾ കൂടുതലായിരുന്നു എന്നതു മറക്കരുത്. ചൈനയിൽ ഇപ്പോൾ രോഗം വീണ്ടും വരുന്നു. ഇന്ത്യയിലും ഭയങ്കര പ്രശ്നമാണ്. മറ്റു രാജ്യങ്ങളും പ്രശ്നത്തിലാണ്.’– മാധ്യമ പ്രവർത്തകരോടു ട്രംപ് പറഞ്ഞു.

60 ദശലക്ഷം പേർക്കു യുഎസിൽ കോവിഡ് പരിശോധന നടത്തിയെന്നും ഒരു രാജ്യവും ഇതിന്റെ അടുത്തു പോലുമില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. കോവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യമാണു യുഎസ്. 4.7 ദശലക്ഷം പേരാണു രോഗബാധിതരായത്. 1.55 ലക്ഷത്തിലേറെ പേർ മരിച്ചു. ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 18,55,745 ആയി. ചൊവ്വാഴ്ച മാത്രം 52,050 പേർക്കു രോഗം വന്നു. ചൈനയിൽ ചൊവ്വാഴ്ച 36 കേസുകളാണു റിപ്പോർട്ട് ചെയ്തത്. പ്രഭവകേന്ദ്രമായ ചൈനയിൽ ആകെ 84,464 പേർക്കാണു കോവിഡ് പോസിറ്റീവായത്; 4634 പേർ മരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular