കോവിഡ് ചികിത്സാ രീതിയില്‍ വീണ്ടും മാറ്റം; ഡിസ്ചാർജ് ചെയ്യാൻ ഇനി ആന്റിജൻ പരിശോധന മതി

സംസ്ഥാനത്ത് കോവി‍ഡ് ചികിത്സാ രീതിയിൽ മാറ്റം. കോവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യാൻ ഇനി ആന്റിജൻ പരിശോധന മതിയാകും. ആർടിപിസിആർ പരിശോധന ഒഴിവാക്കി. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറത്തിറക്കി.

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഡിസ്ചാർജ് പ്രോട്ടോക്കോളിലും മാറ്റം വരുത്തുന്നത്. ഇത് രണ്ടാം തവണയാണ് സംസ്ഥാനം ഡിസ്‍ചാർജ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തുന്നത്. നേരത്തേ രണ്ട് തവണ പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്നുറപ്പിച്ചായിരുന്നു രോഗികളെ ഡ‍ിസ്ചാർജ് ചെയ്തിരുന്നത്. പിന്നീട് രോഗികളുടെ എണ്ണം വർധിച്ചപ്പോൾ ഇത് ഒരു പിസിആർ ടെസ്റ്റ് നെഗറ്റീവ് മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിലാണ് വീണ്ടും മാറ്റം വരുത്തിയിരിക്കുന്നത്.

ലക്ഷണങ്ങളില്ലാത്ത രോഗികളാണെങ്കിൽ ആദ്യ പോസിറ്റീവ് റിസൾട്ടിന് 10 ദിവസത്തിന് ശേഷം ആന്റിജൻ ടെസ്റ്റ് നടത്താം. ഇതിൽ നെഗറ്റീവാകുകയാണെങ്കിൽ ആശുപത്രി വിടാം. ഇതിന് ശേഷം ഏഴ് ദിവസം സമ്പർക്ക വിലക്ക് പാലിക്കണം. പൊതു സ്ഥലങ്ങളിൽ പോകുകയോ ആളുകളുമായി ഇടപെടുകയോ ചെയ്യരുതെന്നാണു നിർദ്ദേശം. നേരിയ രോഗലക്ഷണം മാത്രമുള്ള വ്യക്തികളാണെങ്കിലും ഇത് തന്നെയായിരിക്കും പ്രോട്ടോക്കോൾ. കാറ്റഗറി ബിയിൽ പെട്ട കാര്യമായ രോഗലക്ഷണം കാണിക്കുന്ന രോഗികളാണെങ്കിൽ ആദ്യത്തെ പോസിറ്റീവ് റിസൾട്ട് വന്ന് 14 ദിവസത്തിന് ശേഷം പരിശോധന നടത്തും. നെഗറ്റീവാകുകയാണെങ്കിൽ ആശുപത്രി വിടാം.

അതേസമയം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജിലെ ഗൈനോക്കോളജി വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്നവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ ഗര്‍ഭിണികളാണ്.

ആലപ്പുഴ മെഡിക്കല്‍ കോളേജിലും രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു. പനി ബാധിച്ച് ചികിത്സയിലായിരുന്ന മുഹമ്മ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗിയെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. അടിയന്തര മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന്‌ തുടര്‍നടപടികള്‍ തീരുമാനിക്കും.

കോഴിക്കോട് മെഡിക്കല്‍ കോളേജിലും ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന ഡോക്ടര്‍മാരും ജീവനക്കാരും നിരീക്ഷണത്തില്‍ പ്രവേശിച്ചു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7