ആലുവയിലും സമീപ പഞ്ചായത്തുകളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളാരംഭിച്ചു.
രോഗ വ്യാപനം രൂക്ഷമായ ആലുവയിലും സമീപ പഞ്ചായത്തുകളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളാരംഭിച്ചു. ആലുവയിൽ സമ്പർക്ക രോഗബാധിതർ വരും ദിവസങ്ങളിലും വർധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നൊരുക്കങ്ങൾ. ആലുവ നഗരസഭയിൽ ടൗൺ ഹാളിലും യുസി കോളജ് ടാഗോർ ഹാളിലുമായി 120 പേർക്കുള്ള ചികിത്സ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിവിധ ഇടങ്ങളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ഒരുക്കുകയാണ് ജില്ലാ ഭരണകൂടം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ഇത് സംബന്ധിച്ച ചുമതല. ജില്ലയിൽ കൂടുതൽ രോഗവ്യാപനമുള്ള ചെല്ലാനത്ത് ഇന്നലെ മുതൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിച്ചു. ജില്ലയിലെ രണ്ടാമത്തെ ക്ലസ്റ്റർ ആയ ആലുവയിലും എഫ്എൽടി എസിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. ആലുവയിലെ മഹാത്മ ഗാന്ധി ടൗൺഹാളിലും യുസി കോളജിലെ ടാഗോർ ഹാളിലുമായാണ് നഗരസഭ സെന്ററുകൾ സജ്ജമാക്കിയിരിക്കുന്നത്.
120 പേരെ കിടത്തി ചികിത്സക്കാനുള്ള സൗകര്യമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനാവശ്യമായ കട്ടിൽ, കിടക്കകൾ, തലയിണ, പുതപ്പ് എന്നിവ തയാറായി കഴിഞ്ഞു. രോഗികൾ കൂടുന്ന സാഹചര്യത്തിൽ അടിയന്തിര ആവശ്യം വന്നാൽ പ്രവർത്തനം ആരംഭിക്കാനാവുന്ന രീതിയിലാണ് സജ്ജീകരണങ്ങൾ. അവശ്യം വന്നാൽ കൂടുതൽ ബെഡുകളും വസ്തുക്കളും ലഭ്യമാക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായി. തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കുന്ന സെന്ററുകൾ തികയാതെ വന്നാൽ സ്വകാര്യ ആശുപത്രികളിൽ സെന്ററുകൾ ആരംഭിക്കും.