കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച എറണാകുളം മാര്‍ക്കറ്റ് നാളെ മുതല്‍ തുറക്കും; നിബന്ധനകള്‍ ഇങ്ങനെ..

കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച എറണാകുളം മാര്‍ക്കറ്റ് നാളെ മുതല്‍ പ്രവര്‍ത്തമാരംഭിക്കും. വ്യാപാരി സംഘടനകളുടെ സംയുക്തസമിതി കളക്ടറുമായും പോലീസ് കമ്മിഷണറുമായും നടത്തിയ ചര്‍ച്ചയിലാണ് മാര്‍ക്കറ്റ് നാളെ മുതല്‍ തുറക്കാന്‍ തീരുമാനമായത്. വ്യത്യസ്ത സ്ഥാപനങ്ങളിലെ ജീഹവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 30നാണ് എറണാകുളം മാര്‍ക്കറ്റ് അടച്ചത്.

രണ്ടാഴ്ചയിലേറെയായി ഇവിടെനിന്ന് കൂടുതല്‍ പേരുടെ പരിശോധനാഫലം പോസിറ്റീവാകാത്ത സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം മാര്‍ക്കറ്റ് തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇതിനായി മുന്നോട്ടുവെച്ച നിബന്ധനകള്‍ സംബന്ധിച്ച തര്‍ക്കം മൂലം പ്രവര്‍ത്തനമാരംഭിക്കുന്നത് വൈകുകയായിരുന്നു. ജനപ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട ഇന്നത്തെ ചര്‍ച്ചയില്‍ സമവായമായതോടെയാണ് മാര്‍ക്കറ്റ് നാളെ മുതല്‍ തുറക്കുന്നത്.

ഒരു സമയം പകുതി കച്ചവടസ്ഥാപനങ്ങള്‍ തുറക്കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. മൂന്നിലൊന്ന് കടകള്‍ തുറക്കാമെന്ന വ്യവസ്ഥയായിരുന്നു നേരത്തേ പോലീസ് മുന്നോട്ടുവെച്ചിരുന്നത്. മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നതിനും ഇറങ്ങുന്നതിനും രണ്ടു വീതം കവാടങ്ങള്‍ വേണമെന്ന് വ്യാപാരികള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് വ്യാപാരി സംഘടനകളുടെ പ്രതിനിധി ജി. കാര്‍ത്തികേയന്‍ പറഞ്ഞു.

‘പച്ചക്കറി മാര്‍ക്കറ്റിലേക്കാണ് ഒരു എന്‍ട്രിയും എക്‌സിറ്റും ഉള്ളത്. ബ്രോഡ് വേ ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് മറ്റൊരു എന്‍ട്രിയും എക്‌സിറ്റും വേണമെന്നത് സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. പോലീസിന്റെ മേല്‍നോട്ടത്തില്‍ പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാകും മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം.

ഇടവിട്ട ദിവസങ്ങളില്‍ റോഡിന്റെ വലതുവശത്തെയും ഇടതുവശത്തെയും കടകള്‍ തുറക്കുന്ന രീതിയിലാകും മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം. ഒരു സമയം മാര്‍ക്കറ്റിലേക്ക് കടത്തിവിടുന്നവരുടെ എണ്ണത്തിലും നിയന്ത്രണമുണ്ടാകും. പഴംപച്ചക്കറി മാര്‍ക്കറ്റില്‍ സാധനങ്ങള്‍ ഇറക്കുന്നതിന് പുലര്‍ച്ചെ മൂന്നു മുതല്‍ രാവിലെ ഏഴുവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പതിനൊന്നു മണി വരെയാകും പഴംപച്ചക്കറി മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക.

ഇവിടത്തെ കടകള്‍ അടച്ച ശേഷമാണ് പലചരക്ക് കടകള്‍ ഉള്‍പ്പെടെയുള്ള മറ്റു സ്ഥാപനങ്ങള്‍ തുറക്കുന്നത്. ബ്രോഡ് വേ, ജ്യൂ സ്ട്രീറ്റ്, മാര്‍ക്കറ്റ് റോഡ് തുടങ്ങിയ ഇടങ്ങളിലുള്ള സ്ഥാപനങ്ങളെല്ലാം ഇതില്‍പെടും. 11 മുതല്‍ 6.30 വരെയാണ് ഇവയുടെ പ്രവൃത്തിസമയം.

follow us: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7