സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഎം സെക്രട്ടേറിയേറ്റിന്റെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് സിപിഎം സെക്രട്ടേറിയേറ്റിന്റെ രൂക്ഷ വിമര്‍ശനം. സ്വര്‍ണക്കടത്ത് വിവാദം സര്‍ക്കാറിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തില്‍ ഗുരുതരമായ പാളിച്ച ഉണ്ടായെന്നും സിപിഎം സെക്രട്ടേറിയേറ്റ് വിമര്‍ശിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അധികാര കേന്ദ്രമായി സ്വയം മാറി. ശിവശങ്കറിന്റെ ഇടപാടുകള്‍ സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിച്ചില്ല. ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു.

കോവിഡ് പ്രതിരോധത്തിന്റെ നേട്ടം ഈ വിവാദത്തില്‍ നഷ്ടമായെന്നും സെക്രട്ടേറിയേറ്റ് ചൂണ്ടിക്കാണിച്ചു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചു. വിവാദങ്ങള്‍ ഊതിപ്പെരുപ്പിക്കാന്‍ പ്രതിപക്ഷത്തിനായി. എന്നാല്‍ സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ക്ക് അതേ രീതിയില്‍ തിരിച്ചടിക്കണമെന്നും സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചു. ഓഗസ്റ്റില്‍ വിപുലമായ ക്യാമ്പയിനിലേക്ക് പാര്‍ട്ടി നീങ്ങുമെന്നും സിപിഎം വ്യക്തമാക്കി.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7