ഇതാണോ സാമൂഹിക അകലം ? രോഗവ്യാപനം കൂടുതൽ ഉള്ള തിരുവനന്തപുരത്ത് ഒരു സ്കൂളിൽ ഇന്നലെ എൻട്രൻസ് പരീക്ഷയ്ക്ക് വന്നവർ

കോവിഡ് 19 അതിവേഗം വ്യാപിക്കുന്ന തിരുവനന്തപുരത്തു നടന്ന കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയിൽ പലയിടത്തും സുരക്ഷാ മാനദണ്ഡങ്ങൾ പാളി. കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു പരീക്ഷ നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരുന്നതെങ്കിലും വിദ്യാർഥികളും രക്ഷിതാക്കളും കൂട്ടത്തോടെ എത്തിയതോടെ നിയന്ത്രണങ്ങൾ പൂർണമായി പാളി.രാവിലെ പരീക്ഷാ കേന്ദ്രങ്ങൾക്കു പുറത്ത് കൂട്ടം കൂടി നിന്ന രക്ഷിതാക്കളെ ഏറെ പണിപ്പെട്ടാണു പൊലീസ് നിയന്ത്രിച്ചത്. സാമൂഹിക അകലം പാലിക്കണമെന്നു പല വട്ടം പൊലീസ് ആവശ്യപ്പെട്ടിട്ടും ചിലർ വഴങ്ങിയില്ലെന്നു പരാതിയുണ്ട്.

വൈകിട്ട് പരീക്ഷയ്ക്കു ശേഷം വിദ്യാർഥികൾ കൂട്ടത്തോടെ പുറത്തിറങ്ങിയപ്പോൾ നിയന്ത്രിക്കാൻ പൊലീസിനും കഴിഞ്ഞില്ല. ഇവരെ കാത്ത് പരീക്ഷാ കേന്ദ്രത്തിനു പുറത്തു നിൽക്കുകയായിരുന്ന രക്ഷിതാക്കളും തടിച്ചു കൂടിയതോടെ നിയന്ത്രണങ്ങൾ പാളി. നിയന്ത്രിക്കാൻ പൊലീസും ആരോഗ്യ വകുപ്പും ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്. അതേസമയം, ചില കേന്ദ്രങ്ങളിൽ സാമൂഹിക അകലം കർശനമായി പാലിച്ചു.രാവിലെ 10 മുതലുള്ള ഫിസിക്സ്, കെമിസ്ട്രി പരീക്ഷയ്ക്കായി, 9 ന് തന്നെ എത്തണമെന്നു വിദ്യാർഥികളോടു നിർദേശിച്ചിരുന്നു.

10 മുതൽ 12.30 വരെയായിരുന്നു പരീക്ഷ. ഉച്ചയ്ക്ക് 2.30 മുതൽ 5 വരെയായിരുന്നു കണക്കു പരീക്ഷ.പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിയ കുട്ടികളെ തെർമൽ സ്‌കാനിങ് നടത്തിയ ശേഷമാണു പരീക്ഷാ ഹാളിലേക്കു കയറ്റിയത്. പരീക്ഷയുടെ ഒന്നാം ഘട്ടത്തിനു ശേഷം ശുചിമുറികൾ അണുവിമുക്തമാക്കി. മാർഗ നിർദേശങ്ങൾ നൽകാൻ ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ സന്നദ്ധ സേവകർ ഉണ്ടായിരുന്നു.

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് എത്തിയവർക്കായി പ്രത്യേക ക്ലാസ് മുറികളും ഒരുക്കി. പരീക്ഷയ്ക്കു മുന്നോടിയായി സ്കൂൾ മുഴുവനായി അണുനശീകരണവും നടത്തി. നഗരത്തിലെ ഒരു സ്കൂളിൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനികൾക്ക് ആവശ്യമായ ശുചിമുറി സൗകര്യം ഒരുക്കിയില്ലെന്നു പരാതിയുണ്ട്. ഹോട്ടലുകൾ അടഞ്ഞു കിടന്നതും ബുദ്ധിമുട്ടിലാക്കി. കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ നടത്തി.

Follow us on pathram online

Similar Articles

Comments

Advertismentspot_img

Most Popular