‘സ്വര്‍ണക്കടത്ത്: കൂടുതല്‍ മന്ത്രിമാരും ഉന്നതരും കുടുങ്ങും’

സ്വര്‍ണക്കടത്ത് കേസിൽ പിണറായി സർക്കാർ കൂടുതൽ കുരുക്കിലാകുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേസിൽ ഇപ്പോൾ പിടിയിലായ സ്വപ്ന സുരേഷും സരിത്തും മന്ത്രി കെ.ടി. ജലീൽ ഉൾപ്പടെയുള്ളവരെ വിളിച്ചതിന്റെ ഫോൺ രേഖകൾ പുറത്തുവന്നതോടെ സ്വര്‍ണക്കടത്ത് സംബന്ധിച്ച് താൻ ഉന്നയിച്ച വിവരങ്ങളെല്ലാം ശരിയായെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

ഭരണതലത്തിൽ സ്വാധീനമുള്ള പലർക്കും ഈ കേസുമായി അടുത്ത ബന്ധമുണ്ട്. സ്വര്‍ണക്കടത്തുകാരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തപ്പോൾ ആദ്യം വിളിയെത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നതും ഇപ്പോൾ തെളിഞ്ഞു. സ്വർണക്കടത്തിന്റെ മുഖ്യസൂത്രധാര സ്വപ്‌ന സുരേഷിന്റെ പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നതും ഫോൺ വിളികളുടെ വിവരങ്ങൾ പുറത്തുവന്നതോടെ വ്യക്തമായെന്നും സുരേന്ദ്രൻ പറഞ്ഞു.

മന്ത്രി ജലീൽ, മുൻ ഐടി സെക്രട്ടറി എം. ശിവശങ്കർ, ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയവരെ ഏപ്രിൽ മുതൽ ജൂലായ് വരെ വിളിച്ചതിന്റെ വിവരങ്ങൾ പുറത്തു വന്നതോടെ ഇവർക്ക് കേസിലുള്ള പങ്ക് കൂടുതൽ വ്യക്തമായി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ കേസിലെ പ്രധാന പ്രതി സരിത്തിനെ പലതവണ വിളിച്ചു. സരിത്തിനും സ്വപ്നയ്ക്കുമെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള അടുത്ത ബന്ധം എന്താണെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. കള്ളക്കടത്തിന് എല്ലാ സഹായങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇവർക്ക് ലഭിച്ചു എന്നുവേണം മനസ്സിലാക്കാനെന്നും സുരേന്ദ്രൻ ആരോപിച്ചു.

കാര്യങ്ങൾ ഇത്രത്തോളം വ്യക്തമായിട്ടും തന്റെ ഓഫീസിനെ കുറിച്ച് യാതൊരു അന്വേഷണവും വേണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുകയാണ്. ഇനിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറി നിന്ന് അന്വേഷണത്തെ നേരിടാൻ പിണറായി വിജയൻ തയ്യാറാകണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular