കൊച്ചി:കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രോഗം സ്ഥിരീകരിക്കുന്നവർക്ക് ചികിത്സ ഉറപ്പാക്കുന്നതിന് ജില്ലയിൽ 10000 കിടക്കകൾ ഉള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്‍റ് സെന്‍ററുകള്‍ (എഫ്എല്‍ടിസി) സജ്ജമാക്കും. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ശരാശരി 100 കിടക്കകൾ വീതമുള്ള കേന്ദ്രങ്ങളാണ് ഒരുക്കുക.
കോവിഡ് ഇതര രോഗങ്ങൾക്ക് ചികിത്സ ഉറപ്പാക്കാൻ ടെലി മെഡിസിൻ സംവിധാനവും, സാമ്പിൾ ശേഖരണത്തിനത്തിനായി സ്വാബ് കളക്ഷൻ കേന്ദ്രവും അടിയന്തര ആവശ്യങ്ങൾക്കായി ഡബിൾ ചേംബർ വാഹനവും ക്രമീകരിക്കാൻ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകും. എഫ്. എൽ. ടി. സി കളിലെ സേവനത്തിനായി പ്രദേശ വാസികളായ രണ്ട് വോളന്റീയർമാരെ നിയോഗിക്കും.
കോവിഡ് രോഗം വ്യാപകമായ ചെല്ലാനം മേഖലയിൽ രണ്ട് ദിവസത്തിനുള്ളിൽ എഫ്. എൽ. ടി. സി സജ്ജമാക്കും. സെന്റ്. ആന്റണിസ് പള്ളിയോട് ചേർന്നുള്ള കെട്ടിടമാണ് എഫ്. എൽ. ടി. സി ആയി ഉപയോഗിക്കുക. 50കിടക്കകൾ ഇവിടെ ക്രമീകരിക്കും. ചെല്ലാനം പഞ്ചായത്തിൽ ആകെ 83 പേർക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഒരു ദിവസം കൊണ്ട് പ്രദേശത്തു നിന്നും 226 പേരുടെ സാമ്പിളുകൾ ശേഖരിക്കും.
സമീപ പ്രദേശങ്ങളായ കണ്ണമാലി കുമ്പളങ്ങി മേഖലകളിൽ നിന്നും 101 സാമ്പിളുകൾ ഇന്ന് ശേഖരിക്കും. ചെല്ലാനം പഞ്ചായത്തിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അനുവദിച്ചിട്ടുള്ള അഞ്ചു കിലോഗ്രാം അരി വിതരണത്തിനായി റേഷൻ കടകളിൽ എത്തിച്ചിട്ടുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വോളന്റീയർമാരുടെ സഹായത്തോടെ അരി വീടുകളിൽ എത്തിച്ചു നൽകും. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് അവശ്യ സാധനങ്ങൾ അടങ്ങിയ ഫൂഡ് കിറ്റ് വിതരണം ചെയ്യുന്നതിനായി പഞ്ചായത്ത് പ്രതിനിധികൾക്ക് നിർദേശം നൽകി.
ജില്ലയിൽ 839 പരിശോധനകൾ ആണ് സർക്കാർ ലാബുകളിൽ ഇന്നലെ നടത്തിയത്. നിലവിൽ ജില്ലയിൽ മൂന്ന് ആർ. ടി. പി. സി. ആർ ഉപകരണങ്ങൾ പരിശോധനക്ക് ഉപയോഗിക്കുന്നുണ്ട്. ഒരു ഉപകരണം കൂടി വരും ദിവസങ്ങളിൽ സജ്ജമാക്കും. ഇതോടെ സാമ്പിളുകൾ പരിശോധിക്കുന്നതിലെ കാലതാമസം കുറക്കുവാൻ സാധിക്കും. കവളങ്ങാട്, കരുമാലൂർ, കീഴ്മാട്, കുമ്പളങ്ങി പഞ്ചായത്തുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കാനും തീരുമാനിച്ചു.