മുംബൈ : മാതാവ് ദുലരി, സഹോദരന്‍ രാജു, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കു കോവിഡ!് സ്ഥിരീകരിച്ചതായി നടന്‍ അനുപം ഖേര്‍. ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഹിന്ദി സിനിമാലോകത്തുനിന്നുള്ള ഈ വാര്‍ത്ത.
നടി രേഖയുടെ സുരക്ഷാ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മുംബൈ ബാന്ദ്രയിലുള്ള അവരുടെ ബംഗ്ലാവ് ബിഎംസി സീല്‍ ചെയ്തിരുന്നു. സീ പ്രിങ്‌സ് എന്ന ബംഗ്ലാവും പരിസരവും കണ്ടെയ്ന്‍മെന്റ് സോണായും പ്രഖ്യാപിച്ചു. സംവിധായകന്‍ കരണ്‍ ജോഹര്‍, നടി ജാന്‍വി കപൂര്‍ എന്നിവരുടെ സഹായികള്‍ക്കും കോവി!ഡ് സ്ഥിരീകരിച്ചിരുന്നു. അതിനിടെ നടിയും എംപിയുമായ ഹേമമാലിനിക്ക് കോവിഡ് ബാധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി അവര്‍തന്നെ രംഗത്തെത്തി.
താന്‍ പൂര്‍ണ ആരോഗ്യവതിയാണെന്നും കോവിഡ് ബാധിച്ചിട്ടില്ലെന്നും ലൈവ് ട്വിറ്റര്‍ വിഡിയോയില്‍ ഹേമമാലിനി വ്യക്തമാക്കി. തന്നെ രോഗിയാക്കിയുള്ള വാര്‍ത്ത തെറ്റാണെന്നും തന്നോടുള്ള ആരാധകരുടെ കരുതലില്‍ നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു. ഹേമമാലിനിക്ക് കോവിഡെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മകള്‍ ഇഷ ഡിയോളും രംഗത്തെത്തിയിരുന്നു.
കുടുംബാംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ച വിവരം അനുപം ഖേര്‍ ട്വിറ്റര്‍ വിഡിയോയിലൂടെയാണ് അറിയിച്ചത്. ‘കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമ്മ ഭക്ഷണമൊന്നും കഴിക്കുന്നില്ലായിരുന്നു. പക്ഷേ രക്തസമ്മര്‍ദമെല്ലാം നോര്‍മലായി തുടര്‍ന്നു. അതിനിടെയാണ് ഡോക്ടറുടെ നിര്‍ദേശ പ്രകാരം കോവിഡ് പരിശോധന നടത്തിയതും സ്ഥിരീകരിച്ചതും. തുടര്‍ന്ന് സഹോദരനും ഞാനും ടെസ്റ്റിനു വിധേയരായി. രാജുവിന്റേത് പോസിറ്റീവും എന്റേത് നെഗറ്റീവുമായി’– അനുപം ഖേര്‍ പറഞ്ഞു.
രാജുവിന്റെ ഭാര്യയ്ക്കും ബന്ധുവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയിലെ കോകില ബെന്‍ ആശുപത്രിയിലാണ് അനുപമിന്റെ മാതാവിന്റെ പ്രവേശിപ്പിച്ചിരിക്കുന്നത്. കാര്യമായ ലക്ഷണങ്ങള്‍ കാണിക്കാത്തതിനാല്‍ സഹോദരന്റെ കുടുംബം വീട്ടില്‍ത്തന്നെ ക്വാറന്റീനിലാണ്. വീടും പരിസരവും ബിഎംസി സംഘം ശുചീകരിച്ചു. അമിതാഭ് ബച്ചന്റെ വീടും പരിസരവും നിലവില്‍ 14 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിനും മാതാവ് നീതു കപൂറിനും കോവിഡാണെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇത് അസത്യ പ്രചാരണമാണെന്നു കാണിച്ച് രണ്‍ബീറിന്റെ സഹോദരി റിദ്ദിമ കപൂര്‍ രംഗത്തുവന്നു. ജൂലൈ 12 വരെയുള്ള കണക്ക് പ്രകാരം മുംബൈയില്‍ കോവിഡ് ബാധിതരുടെ എണ്ണം 91,457 ആയി. 24 മണിക്കൂറിനകം 1308 പേര്‍ക്കാണു പുതുതായി രോഗം സ്ഥിരീരിച്ചത്.