തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ യുഎഇയിൽ അന്വേഷണം പുരോഗമിക്കുന്നു. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ പേരുകൂടി വിവാദത്തിൽ ഉൾപ്പെട്ട സാഹചര്യത്തിൽ ഗൗരവത്തോടെയാണ് യുഎഇ കേസിനെക്കാണുന്നത്. കേസിന്റെ ഭാഗമായി ഷാർജയിൽ പലയിടങ്ങളിലും പരിശോധന നടത്തിയതായാണ് റിപ്പോർട്ട്.
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൻറെ വിലാസത്തിലേക്ക് സ്വർണം അടങ്ങിയ ബാഗേജ് ആരാണ് അയച്ചതെന്ന് കണ്ടെത്തുകയാണ് യുഎഇയുടെ അന്വേഷണത്തിൻറെ പ്രധാനലക്ഷ്യം. ഇന്ത്യയിലെ യുഎഇ നയതന്ത്രകാര്യാലയത്തിൻറെ സൽപ്പേരിന് കളങ്കം വരുത്താൻ ശ്രമിച്ച കുറ്റവാളികളെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഇതിൻറെ ഭാഗമായി ഷാർജയിലെ ചിലയിടങ്ങളിൽ പരിശോധന നടത്തിയതായാണ് സൂചന. ഷാർജയിലെ അൽ സത്താർ സ്പൈസസ് എന്ന സ്ഥാപനത്തെക്കുറിച്ചും ഫാസിൽ എന്നയാളെക്കുറിച്ചുമാണ് ഇന്ത്യയിലെ കസ്റ്റംസ് വിഭാഗം കോടതിയെ വിവരം അറിയിച്ചിരിക്കുന്നത്.
സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ യുഎഇ കോൺസുലേറ്റിൻറെ ഇടപെടലിനെക്കുറിച്ച് സൂചിപ്പിച്ച പശ്ചാത്തലത്തിലും അതീവ ഗൗരവത്തോടെയാണ് യുഎഇ കേസിനെ നിരീക്ഷിക്കുന്നത്. നയതന്ത്ര കാര്യാലയത്തിൻറെ പേരിൽ വിമാനത്താവളത്തിലൂടെ എങ്ങനെയാണ് സ്വർണം അയക്കാനിടയായതെന്നും പരിശോധിക്കുന്നുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. നിലവിൽ ദുബായിലുള്ള ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അൽ ബന്നയും അന്വേഷണസംഘത്തെ വിവരങ്ങൾ അറിയിക്കുന്നുണ്ട്.
Follow us on pathram online latest news