തിരുവനന്തപുരം : മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിയോടു പൊതുവേദിയില്‍ സരിത എസ്.നായര്‍ സംസാരിക്കുന്നതിനെ സോളര്‍ കേസിലെ അദ്ദേഹത്തിന്റെ പങ്കാളിത്തമായി ചിത്രീകരിച്ചുള്ള പിണറായി വിജയന്റെ പഴയ പ്രസംഗം ഇപ്പോള്‍ അദ്ദേഹത്തെ തിരിഞ്ഞു കൊത്തുന്നു. പൊതുവേദിയില്‍ മുന്നില്‍നിന്നാണു മുഖ്യമന്ത്രിക്കു നിവേദനം നല്‍കാറുള്ളതെന്നും സരിത പിന്നിലൂടെ വന്നു സംസാരിച്ചത് ഇവര്‍ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നുവെന്നുമാണു പിണറായി 2013 ഓഗസ്റ്റില്‍ പ്രസംഗിച്ചത്.
സരിതയെ അറിയില്ലെന്നു മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ഉമ്മന്‍ ചാണ്ടിയോടു വേദിയില്‍വച്ച് സരിത സംസാരിക്കുന്നതിന്റെ ചിത്രം പാര്‍ട്ടി ചാനല്‍ സംപ്രേഷണം ചെയ്തു. പിറ്റേന്ന് ഈ ചിത്രം ചുണ്ടിക്കാട്ടിയായിരുന്നു പിണറായിയുടെ പ്രസംഗം.
ഇന്ന് ഇതേ വാക്കുകള്‍ നിലവിലെ മുഖ്യമന്ത്രിക്കും ബാധകമല്ലേ എന്ന ചോദ്യത്തോടെയാണു വിഡിയോ പ്രചരിക്കുന്നത്. യുഎഇ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിനിടെ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയോടു സംസാരിച്ചെന്നാണു സൂചന.
അന്ന് പിണറായി പ്രസംഗിച്ചത്
എനിക്ക് അവരെ അറിയില്ല. ഞാന്‍ അവരെ പ്രത്യേകമായി കണ്ടിട്ടില്ല. ഞാനും അവരും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് ആര്‍ക്കെങ്കിലും തെളിയിക്കാന്‍ കഴിയുമോ? ഇങ്ങനെ വെല്ലുവിളികളുടെ ഒരു പൂരമായിരുന്നു. എന്തൊരു വാശിയും വീറുമായിരുന്നു നമ്മുടെ മുഖ്യമന്ത്രിക്കു (ഉമ്മന്‍ചാണ്ടി) കാര്യങ്ങള്‍ പറയാന്‍. അപ്പോഴാണ് ഇന്നലെ കൈരളി ചാനല്‍ ഉമ്മന്‍ചാണ്ടിയും സരിതയും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ പുറത്തു കൊണ്ടുവന്നത്. ഉമ്മന്‍ചാണ്ടിക്കു വേണമെങ്കില്‍ പറയാം, എന്നെ വന്നു കാണുന്നതില്‍ എന്താ തെറ്റെന്ന്. ഒരു തെറ്റുമില്ല. ഒരു മുഖ്യമന്ത്രിയെ ഒരാള്‍ ചെന്നു കാണുന്നതില്‍ എന്താണു തെറ്റ്? പക്ഷേ, ഉമ്മന്‍ ചാണ്ടീ, ഈ കേരളത്തിലെ ജനങ്ങളുടെ സാമാന്യബുദ്ധി നിങ്ങള്‍ ചോദ്യം ചെയ്യരുത്. മുഖ്യമന്ത്രിയായിരിക്കുന്ന നിങ്ങളെ നിവേദനം നല്‍കാന്‍ വേണ്ടി സമീപിക്കുന്ന ഒരാള്‍ പുരുഷനാകട്ടെ സ്ത്രീയാകട്ടെ, തൊട്ടുമുന്നിലല്ലേ നില്‍ക്കുക. ഒരുപാടു മുഖ്യ മന്ത്രിമാരെയും മന്ത്രിമാരെയും നമ്മള്‍ കണ്ടിട്ടുണ്ടല്ലോ. മുന്നില്‍ വന്നു നിന്നല്ലേ നിവേദനം കൊടുക്കുക. മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരിയായ ഒരു സ്ത്രീ തൊട്ടരികില്‍ പോയി നിന്നു കാതില്‍ കിന്നാരമല്ല, ഗൗരവമുള്ള കാര്യം പറയുന്ന നിലയാണു നമ്മള്‍ കണ്ടത്. എന്താ അതിന്റെ അര്‍ഥം? എന്താണാ ബന്ധം? കെട്ടിപ്പൊക്കിയ നുണക്കൊട്ടാരം തകര്‍ന്നില്ലേ? എന്നിട്ടും നിങ്ങള്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നതിന്റെ ഔചിത്യമെന്ത്?
follow us: PATHRAM ONLINE