സംസ്ഥാനത്ത് ആദ്യമായി കോവിഡ് രോഗവ്യാപനം: സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ച പൂന്തുറയില്‍ നാലുമാസം പ്രായമായ കുഞ്ഞിനും രോഗം

തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി കോവിഡ് രോഗവ്യാപനത്തില്‍ സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം പൂന്തുറയിലാണ് സ്‌പ്രെഡ്. ബുധനാഴ്ച ഇവിടെ രോഗം സ്ഥിരീകരിച്ച 54 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ. ഇതില്‍ നാലു മാസം പ്രായമുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നു. അഞ്ചു ദിവസത്തിനിടെ ഇവിടെ നിന്ന് ശേഖരിച്ച 600 സാംപിളുകളില്‍ 119 എണ്ണവും കോവിഡ് പോസിറ്റീവായി. ഇതോടെ മേഖലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

അതീവ ജാഗ്രത വേണ്ട സാഹചര്യമാണ് പൂന്തുറയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം മേയര്‍ കെ.ശ്രീകുമാറും വിശദീകരിച്ചു. പൂന്തുറയില്‍ കരയിലും കടലിലും ലോക്ഡൗണ്‍ ശക്തമാക്കും. മേഖലയിലേക്ക് ആരെയും പ്രവേശിപ്പിക്കേണ്ടെന്നാണു തീരുമാനം. ആരോഗ്യപ്രവര്‍ത്തകരുടെ ആറു സംഘങ്ങളെയാണ് പൂന്തുറയില്‍ രംഗത്തിറക്കിയത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വ്യാപകമായ രീതിയില്‍ അണുനശീകരണ നടപടികള്‍ സ്വീകരിക്കും.

വെള്ളിയാഴ്ച പൂന്തുറയിലെ എല്ലാ വീടുകളിലും അണുനശീകരണം നടത്താനാണു തീരുമാനം. പൂന്തുറയ്ക്കു ചുറ്റുമുളള വാര്‍ഡുകളിലും അണുനശീകരണം നടത്തും. ടെലിഡോക്ടര്‍ സേവനം 24 മണിക്കൂറും പൂന്തുറ നിവാസികള്‍ക്കു നല്‍കും. കോവിഡ് പോസിറ്റീവായ എല്ലാവരെയും ഉടന്‍ ആശുപത്രികളിലേക്കു മാറ്റും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7